തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന ഇഡിയുടെ ശുപാർശയിൽ സംസ്ഥാന സർക്കാർ കേസ് എടുത്താൽ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി കോൺഗ്രസ്-ബിജെപി ഡീൽ എന്ന ആക്ഷേപം പാർട്ടി കൂടുതൽ ശക്തമായി ഉയർത്തും. കേരളത്തിൽ ഭരണത്തിലുള്ള കോൺഗ്രസ് സർക്കാർ കേന്ദ്ര സർക്കാരിന് വേണ്ടി പ്രവർത്തിക്കുന്നുവെന്ന ആരോപണം ദേശീയ തലത്തിലും വ്യാപകമായി പ്രചരിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
ഇഡി കത്തിൽ അറ്റോണി ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കേസ് എടുക്കണോ, വിവരങ്ങൾ കൈമാറിയോ, അതോ പ്രാഥമിക അന്വേഷണം നടത്തണോ എന്ന കാര്യങ്ങളാണ് നിയമ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. എന്നാൽ വിഷയത്തിൽ കോൺഗ്രസ്സിൽ തന്നെ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്. ഉടൻ കേസ് എടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, അത് രാഷ്ട്രീയമായി തിരിച്ചടിയാകുമോ എന്നും ബിജെപിക്ക് മേൽക്കൈ ലഭിക്കുമോ എന്നും മറ്റൊരു വിഭാഗം ആശങ്കപ്പെടുന്നുണ്ട്.
ഇഡിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ പെട്ടെന്ന് കേസെടുത്താൽ ‘യുഡിഎഫ്-ബിജെപി ഡീൽ’ ആരോപണം സിപിഎം പൂർണ്ണമായും ഉപയോഗപ്പെടുത്തും. അതേസമയം, കേസെടുക്കാതെ ഇഡി കോടതിയെ സമീപിക്കുന്നത് വരെ കാത്തിരുന്നാൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയന് സർക്കാർ സംരക്ഷണം നൽകിയെന്ന ആക്ഷേപം നേരിടേണ്ടി വരും. ഈ സങ്കീർണ്ണ സാഹചര്യം ഒഴിവാക്കാൻ സമഗ്രമായ നിയമോപദേശവും രാഷ്ട്രീയ കൂടിയാലോചനകളും നടത്തിയ ശേഷമാകും സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








