മോൺട്രിയൽ: മോൺട്രിയൽ നോട്ട്ര്-ഡാം-ദെ-ഗ്രാസ് (NDG) മേഖലയിലെ ഷെർബ്രൂക്ക് സ്ട്രീറ്റിൽ പുതുതായി സ്ഥാപിച്ച പാർക്കിങ് മീറ്ററുകളും കർശന നിയമങ്ങളും തങ്ങളുടെ കച്ചവടത്തെ തകർക്കുന്നതായി വ്യാപാരികൾ. പുതിയ നിയന്ത്രണങ്ങൾ കാരണം ഉപഭോക്താക്കൾക്ക് വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നില്ലെന്നും ഇത് കടകളിലേക്കുള്ള ആളുകളുടെ വരവ് ഗണ്യമായി കുറച്ചെന്നുമാണ് വ്യാപാരികളുടെ പ്രധാന പരാതി. രാവിലെ മുതൽ വൈകിട്ട് വരെ ഡെലിവറി സോണായും ബസ് ലെയിനായും മാറുന്ന ഈ പ്രദേശത്ത്, നഗരസഭ വീണ്ടും പാർക്കിങ് മീറ്ററുകൾ സ്ഥാപിച്ചത് വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. മിനിറ്റുകൾ മാത്രം ബാങ്കിലോ കടകളിലോ ചെലവഴിച്ചു പുറത്തിറങ്ങുന്നവർക്ക് പോലും വലിയ തുക പിഴ ഒടുക്കേണ്ടി വരുന്നുണ്ടെന്ന് പ്രദേശത്തെ ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു. ദൂരസ്ഥലങ്ങളിൽ നിന്നും രോഗികളെയെത്തിക്കുന്ന വെറ്ററിനറി ക്ലിനിക്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്.
നേരത്തെ സൗജന്യ പാർക്കിങ് ലഭ്യമായിരുന്ന മോൺട്രിയലിലെ അവസാനത്തെ പ്രധാന വാണിജ്യ മേഖലകളിലൊന്നായിരുന്നു ഗ്രാൻഡ് ബൂളവാർഡ് മുതൽ ഹാംപ്ടൺ അവന്യൂവരെയുള്ള ഷെർബ്രൂക്ക് സ്ട്രീറ്റ്. ഈ വർഷം വസന്തകാലത്ത് ഇവിടെ 447 പാർക്കിങ് മീറ്ററുകൾ സ്ഥാപിക്കാനായിരുന്നു നഗരസഭയുടെ ആദ്യ തീരുമാനം. എന്നാൽ പൊതുജനങ്ങളിൽ നിന്നും കനത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മീറ്ററുകളുടെ എണ്ണം 250 ആയി കുറയ്ക്കുകയായിരുന്നു. എന്നിരുന്നാലും, പാർക്കിങ് ക്ഷാമം കാരണം ഉപഭോക്താക്കൾ മറ്റ് വിപണികളിലേക്ക് മാറുന്നത് തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്നാണ് വ്യാപാരികൾ പറയുന്നത്. തങ്ങളുടെ ആശങ്കകൾ പൂർണ്ണമായി പരിഗണിക്കാതെയാണ് നഗരസഭ പദ്ധതി നടപ്പാക്കിയതെന്നും അവർ ആരോപിക്കുന്നു.
അതേസമയം, വാഹനങ്ങളുടെ പാർക്കിങ് കൂടുതൽ കാര്യക്ഷമമാക്കാനും നിയമലംഘനങ്ങൾ തടയാനുമാണ് പുതിയ മീറ്ററുകൾ സ്ഥാപിച്ചതെന്നാണ് Côte-des-Neiges–Notre-Dame-de-Grâce ബറോ അധികൃതരുടെ വിശദീകരണം. പ്രദേശവാസികളുമായും വ്യാപാരികളുമായും മാസങ്ങളോളം ചർച്ചകൾ നടത്തിയ ശേഷമാണ് അന്തിമ തീരുമാനമെടുത്തതെന്നും നഗരസഭ വ്യക്തമാക്കി. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യങ്ങൾ ഒരുപോലെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രദേശത്തെ ബിസിനസ് അസോസിയേഷനായ ‘Biz NDG’യുമായി ചേർന്ന് പാർക്കിങ് മീറ്ററുകളുടെ സ്വാധീനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Parking meters backfire; merchants in Montreal face a crisis.





