ചാർലറ്റ് ടൗൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളുടെ വളർച്ച പ്രോത്സാഹിപ്പിക്കാൻ കാനഡ സർക്കാർ ശക്തമായി രംഗത്തിറങ്ങുമ്പോൾ, ആവശ്യത്തിന് വൈദ്യുതിയില്ലാതെ പ്രിൻസ് എഡ്വേർഡ് ഐലൻഡ് (P.E.I.) പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. AI സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിന് ആവശ്യമായ വൈദ്യുതി നൽകാൻ പ്രവിശ്യയിലെ നിലവിലെ പവർ ഗ്രിഡിന് സാധിക്കുമോ എന്ന ആശങ്കയിലാണ് ഇവിടുത്തെ ബിസിനസ്സ് പ്രമുഖർ. കാനഡയിലെ 44 കമ്പനികൾക്കായി ഫെഡറൽ സർക്കാർ അടുത്തിടെ ‘AI കമ്പ്യൂട്ട് ആക്സസ് ഫണ്ട്’ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ, ഡിജിറ്റൽ-വ്യാവസായിക വളർച്ചയെ താങ്ങാൻ തക്ക അടിസ്ഥാന സൗകര്യങ്ങൾ ദ്വീപിനുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
പ്രവിശ്യ ഒരു വലിയ ഊർജ്ജ പ്രതിസന്ധിയുടെ വക്കിലാണ് നിൽക്കുന്നതെന്നും പലപ്പോഴും നമ്മുടെ വൈദ്യുതി ശേഷി പരമാവധിയിൽ എത്താറുണ്ടെന്നും ഗ്രേറ്റർ ചാർലറ്റ്ടൗൺ ഏരിയ ചേമ്പർ ഓഫ് കൊമേഴ്സ് സി.ഇ.ഓ ബിയാങ്ക മക്ഗ്രെഗർ ആശങ്ക പ്രകടിപ്പിച്ചു. ചേമ്പർ സംഘടിപ്പിച്ച ചർച്ചയിൽ വ്യവസായ മന്ത്രി മെലാനി ജോലിയുമായി ഊർജ്ജ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്തതായും അവർ വ്യക്തമാക്കി. പീക്ക് സമയങ്ങളിൽ പ്രവിശ്യയിൽ കടുത്ത ക്ഷാമം നേരിടേണ്ടി വരുമെന്ന് മേഖലയിലെ പ്രധാന വൈദ്യുതി വിതരണക്കാരായ ‘മാരിടൈം ഇലക്ട്രിക്’ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൂർണ്ണമായ ബ്ലാക്ക്ഔട്ട് ഒഴിവാക്കാൻ നിയന്ത്രിത പവർ കട്ടുകൾ ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്നും കമ്പനി വ്യക്തമാക്കുന്നു.
കാനഡ എനർജി റെഗുലേറ്ററുടെ റിപ്പോർട്ടുകൾ പ്രകാരം, ലാർജ് ലാംഗ്വേജ് മോഡലുകളും മെഷീൻ ലേണിംഗും ഉൾപ്പെടെയുള്ള AI ആപ്ലിക്കേഷനുകളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് വൻതോതിൽ കമ്പ്യൂട്ടിംഗ് പവർ ആവശ്യമാണ്. ഇത് ആഗോളതലത്തിൽ തന്നെ ഊർജ്ജ ആവശ്യകത കുത്തനെ ഉയർത്തിയിട്ടുണ്ട്. നിലവിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിലേക്ക് ആവശ്യമായ ഭൂരിഭാഗം വൈദ്യുതിയും ന്യൂ ബ്രൺസ്വിക്കിൽ Underwater കേബിളുകൾ വഴിയാണ് എത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണം കാലാവധി തീരാറായവയാണ്. ഇവ മാറ്റിവെക്കുക എന്നത് പ്രവിശ്യയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള കാര്യമാണ്.
ഇതുമായി ബന്ധപ്പെട്ട് ഫെഡറൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡിജിറ്റൽ ഇന്നൊവേഷൻ മന്ത്രി ഇവാൻ സോളമനോട് മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോൾ, പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽ കണ്ട് 2050-ഓടെ കാനഡയുടെ ഗ്രിഡ് ശേഷി ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
P.E.I. business leaders worry power system may not keep up with AI growth
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




