ചാർലറ്റ്ടൗൺ: ചരിത്രവും നാടകീയതയും ഒത്തുചേരുന്ന വേറിട്ടൊരു കൊലപാതക രഹസ്യ നാടകത്തിന് വേദിയാകാനൊരുങ്ങി പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ചരിത്രപ്രസിദ്ധമായ ഹാവിലാൻഡ് ക്ലബ്. 1869-ൽ എസ്തർ ലോഡൻ എന്ന വ്യവസായിയായ വനിത തനിക്കും മക്കൾക്കുമായി നിർമ്മിച്ച മനോഹരമായ ഭവനമാണ് ഇന്ന് ഹാവിലാൻഡ് ക്ലബ്ബായി അറിയപ്പെടുന്നത്. 150-ലധികം വർഷത്തെ പഴക്കമുള്ള ഈ കെട്ടിടത്തെ പശ്ചാത്തലമാക്കി തയ്യാറാക്കിയ “ദി ബോഡി ആൻഡ് ദി ബെൽവെഡെരെ” (The Body and the Belvedere) എന്ന നാടകം അടുത്ത മാസം വീണ്ടും അരങ്ങേറും.
മുൻ ക്ലബ്ബ് പ്രസിഡന്റും നാടകകൃത്തുമായ മാർക്ക് ബെൽഫ്രിയാണ് ഈ ചരിത്ര കെട്ടിടത്തിന്റെ പശ്ചാത്തലത്തിൽ 1870-കളിലെ കഥപറയുന്ന നാടകം രചിച്ചിരിക്കുന്നത്. വീടിന്റെ യഥാർത്ഥ ഉടമയായ എസ്തർ ലോഡൻ തന്നെ പ്രധാന കഥാപാത്രവും ഡിറ്റക്ടീവുമായി എത്തുന്നതാണ് നാടകത്തിന്റെ പ്രധാന ആകർഷണം.
1896-ൽ അന്തരിച്ച എസ്തറിന്റെ ഭവനം പിന്നീട് യു.എസ്. കോൺസുലേറ്റിന്റെയും യുണൈറ്റഡ് സർവീസസ് ഓഫീസേഴ്സ് ക്ലബ്ബിന്റെയും കേന്ദ്രമായി പ്രവർത്തിച്ചിട്ടുണ്ട്. 1997-ലാണ് ഇത് ഹാവിലാൻഡ് ക്ലബ്ബായി മാറിയത്. പ്രദേശത്തിന്റെ സമ്പന്നമായ ചരിത്രം കോർത്തിണക്കി തയ്യാറാക്കിയ ഈ നാടകം 2025 മേയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
നാടകത്തിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്ന് വരുന്ന ഒക്ടോബർ 15, 17, 18 തീയതികളിൽ വൈകുന്നേരം 7 മണിക്ക് ഹാവിലാൻഡ് ക്ലബ്ബിന്റെ ബാൾറൂമിൽ വച്ച് നാടകം വീണ്ടും പ്രദർശിപ്പിക്കും. 45 ഡോളറാണ് ടിക്കറ്റ് നിരക്ക്. വരും ദിവസങ്ങളിൽ കൂടുതൽ പൊതുപരിപാടികൾക്കായി ഹാവിലാൻഡ് ക്ലബ്ബ് വേദിയാക്കാനാണ് സംഘാടകരുടെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









