ടൊറന്റോ: ഒന്റാരിയോയിലെ വിവിധ ആശുപത്രികളില്‍ മോഷണവും തട്ടിപ്പും നടത്തിയെന്ന ആരോപണത്തില്‍ ബര്‍ലിങ്ടണ്‍ സ്വദേശിനിയായ 34-കാരിക്കെതിരെ 65 പുതിയ ക്രിമിനല്‍ കേസുകള്‍ ചുമത്തിയതായി ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് (OPP) അറിയിച്ചു. അന്വേഷണത്തിനിടെ കൂടുതല്‍ ഇരകളെ കണ്ടെത്തിയതായും നിരവധി സ്ഥലങ്ങളില്‍ പരിശോധന നടത്തിയതായും പോലീസ് വ്യക്തമാക്കി.

പുതുതായി ചുമത്തിയ 65 കേസുകളില്‍ 36 എണ്ണം തട്ടിപ്പും 14 എണ്ണം മോഷണവുമാണ്. ഒറില്ലിയ സോള്‍ജിയേഴ്സ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ടൊറന്റോയിലെ സെന്റ് ജോസഫ്സ് ഹെല്‍ത്ത് സെന്റര്‍, ഓറഞ്ച്വില്ലിലെ ഹെഡ്വാട്ടേഴ്സ് ഹെല്‍ത്ത് കെയര്‍ സെന്റര്‍, മിസിസാഗയിലെ ട്രില്ലിയം ഹെല്‍ത്ത് പാര്‍ട്ണേഴ്സ് ആശുപത്രി, ടൊറന്റോയിലെ വെസ്റ്റ് പാര്‍ക്ക് ഹെല്‍ത്ത് കെയര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് അന്വേഷണം നടക്കുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനകളില്‍ വലിയ തോതില്‍ വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും പിടിച്ചെടുത്തതായും OPP അറിയിച്ചു. മേയില്‍ ഒറില്ലിയയിലെ ആശുപത്രിയില്‍ മോഷണവും തട്ടിപ്പും നടത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവതിയെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. അന്ന് കോടതി ഉത്തരവ് ലംഘിച്ചതിനും തെറ്റായ പ്രസ്താവന നടത്തിയതിനുമാണ് കേസെടുത്തത്.
ALSO READ: അയൽവാസിയെന്ന വ്യാജേന തട്ടിപ്പ്; ബ്രാംപ്ടണിൽ ഇന്ത്യൻ വംശജയായ 78കാരിയുടെ ആഭരണങ്ങൾ കവർന്നു
അന്വേഷണത്തില്‍ കൂടുതല്‍ ആളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ബന്ധപ്പെട്ട ആശുപത്രികളില്‍ ചികിത്സ തേടിയവരും സന്ദര്‍ശകരും ജീവനക്കാരും ബാങ്ക്, സാമ്പത്തിക ഇടപാട് രേഖകള്‍ പരിശോധിക്കണമെന്ന് OPP നിര്‍ദേശിച്ചു. അംഗീകാരമില്ലാത്ത ഇടപാടുകള്‍ കണ്ടെത്തുകയോ തട്ടിപ്പിനിരയായതായി സംശയിക്കുകയോ ചെയ്യുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്നും അറിയിച്ചു. അന്വേഷണം തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Ontario Hospitals Fraud: 34-Year-Old Charged’




