മിസിസാഗ : ഒക്ടോബറിൽ നടക്കാനിരിക്കുന്ന മിസിസാഗ എരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ മേയർ സ്ഥാനാർത്ഥികളുടെ സംവാദത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ. മിസിസാഗ ബോർഡ് ഓഫ് ട്രേഡും സി.ബി.സി ന്യൂസും ചേർന്ന് ഷെറിഡൻ കോളേജിലെ ഹേസിൽ മക്കോലിയൻ ക്യാമ്പസിൽ വെച്ചാണ് സംവാദം സംഘടിപ്പിച്ചത്. ഒക്ടോബർ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാന സ്ഥാനാർത്ഥികൾ തമ്മിലുള്ള ആദ്യ നേർക്കുനേർ പോരാട്ടമാണിത്.
നിലവിലെ മേയർ കരോലിൻ പാരിഷും മുൻ മേയർ ബോണി ക്രോമ്പിയും 35 ശതമാനം വോട്ടുകളോടെ ഒപ്പത്തിനൊപ്പമാണ് നിലകൊള്ളുന്നത്. കൗൺസിലർമാരായ ദീപിക ദമേർല 13 ശതമാനവും അൽവിൻ ടെജോ ഒൻപത് ശതമാനവും വോട്ടുകൾ നേടുമെന്നാണ് അടുത്തിടെ പുറത്തുവന്ന ലെയ്‌സൺ സ്ട്രാറ്റജീസിന്റെ അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സ്ഥാനാർത്ഥികൾ പരസ്പരം രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.
പൊലീസ് ഫണ്ടിംഗ് ഫോർമുലയെക്കുറിച്ചുള്ള ചർച്ചകളാണ് സംവാദത്തിൽ പ്രധാനമായും ഉയർന്നുവന്നത്. ബ്രാംപ്ടണിലെയും കാൽഡണിലെയും ജനസംഖ്യയേക്കാൾ കൂടുതൽ പണം മിസിസോഹ പ്രവിശ്യ പൊലീസ് ഫണ്ടിംഗിനായി നൽകുന്നുണ്ടെന്ന് മേയർ കരോലിൻ പാരിഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൊലീസ് ബോർഡിന്റെ വലിയ ബജറ്റ് വർദ്ധനവിനെ എതിർത്ത് രണ്ട് വർഷം മുമ്പ് പാരിഷ് പീൽ പോലീസ് സർവീസ് ബോർഡ് അംഗത്വം രാജിവെച്ചിരുന്നു. എന്നാൽ നഗരത്തിന് അനുകൂലമായ ഫണ്ടിംഗ് ഫോർമുലയ്ക്കായി മേയർ ബോർഡിൽ നിന്ന് പോരാടേണ്ടിയിരുന്നുവെന്ന് ബോണി ക്രോമ്പിയും അൽവിൻ ടെജോയും കുറ്റപ്പെടുത്തി.
ഡാറ്റാ സെന്ററുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലും സംവാദത്തിൽ വ്യക്തമായ തീരുമാനമുണ്ടായില്ല. പൊതുജനങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിനായി ഡാറ്റാ സെന്ററുകളുടെ നിർമ്മാണത്തിന് സിറ്റി കൗൺസിൽ അടുത്തിടെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വൻകിട കമ്പനികളെ ആകർഷിക്കാൻ ഡാറ്റാ സെന്ററുകൾ അത്യാവശ്യമാണെന്ന് മേയർ കരോലിൻ പാരിഷ് അഭിപ്രായപ്പെട്ടപ്പോൾ, പരിമിതമായ ഭൂമി അമേരിക്കൻ കമ്പനികൾക്ക് നൽകുന്നതിനെതിരെ അൽവിൻ ടെജോ ആശങ്ക പ്രകടിപ്പിച്ചു.
കൗൺസിലർമാരായ അൽവിൻ ടെജോയും ദീപിക ദമേർലയും തമ്മിലും ശക്തമായ വാക്‌പോര് നടന്നു. പീൽ റീജിയണൽ പോലീസ് അസോസിയേഷന്റെ പിന്തുണ ലഭിച്ചതായി ടെജോ അവകാശപ്പെട്ടപ്പോൾ, 2025-ൽ ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് ബജറ്റ് വർദ്ധനവായ 23.3 ശതമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്ത വ്യക്തിയാണ് ടെജോ എന്ന് ദമേർല വിമർശിച്ചു. ഫുഡ് ബാങ്ക്സ് മിസിസോഹയുടെയും മെറ്റാമോർഫിസിസ് നെറ്റ്‌വർക്കിന്റെയും ആഭിമുഖ്യത്തിൽ വരുന്ന വ്യാഴാഴ്ച അടുത്ത സംവാദം നടക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





