ഒന്റാറിയോ; പ്രവിശ്യാ സർക്കാർ റോഡുകളിലെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ഹൈവേ 400 ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ വേഗപരിധി മണിക്കൂറിൽ 110 കിലോമീറ്ററായി ഉയർത്തി. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന ഈ പുതിയ നിർദേശം പ്രവിശ്യയിലെ തിരഞ്ഞെടുത്ത പ്രധാന ഹൈവേ ഭാഗങ്ങളിലാണ് നടപ്പിലാക്കിയിരിക്കുന്നത്. നേരത്തെ നടത്തിയ സുരക്ഷാ പഠനങ്ങളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ വേഗപരിധി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവിറക്കിയാണ് സർക്കാർ ഈ മാറ്റം വരുത്തിയത്.

പുതിയ ഉത്തരവ് പ്രകാരം ഹൈവേ 7 (ആപ്പിൾട്ടൺ സൈഡ് റോഡ് മുതൽ ഹൈവേ 417 വരെ), ഹൈവേ 400 (ഹൈവേ 401 മുതൽ ലേക്ക് ജോസഫ് റോഡ് വരെ), ഹൈവേ 115, ഹൈവേ 416, ഹൈവേ 417 എന്നിവയിലെ നിർദിഷ്ട ഭാഗങ്ങളിൽ ഇനി മുതൽ ഡ്രൈവർമാർക്ക് മണിക്കൂറിൽ 110 കി.മീ വേഗതയിൽ സഞ്ചരിക്കാം. കൂടാതെ, ഓഗസ്റ്റ് 31-ഓടെ ഹൈവേ 401-ന്റെ വിവിധ ഭാഗങ്ങളിലും സെപ്റ്റംബർ അവസാനത്തോടെ പ്രവിശ്യയിലെ 89 ശതമാനം റോഡുകളിലും പുതിയ വേഗപരിധി നിലവിൽ വരും.
ALSO READ ; നാടുകടത്തലിന്റെ വക്കിലും കാനഡയോട് നന്ദി!; റോമാന്റെ 29 വർഷത്തെ ജീവിതം നിയമക്കുരുക്കിൽ
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തന്നെയാണ് ഈ തീരുമാനമെടുത്തതെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 800 കിലോമീറ്ററിലധികം റോഡുകളിൽ വേഗപരിധി 110 കിലോമീറ്ററാക്കി ഉയർത്തി പരീക്ഷിച്ചിരുന്നുവെന്നും ഈ ഭാഗങ്ങളിൽ അപകടങ്ങളോ മരണങ്ങളോ വർധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




