ലണ്ടൻ (ഒന്റാറിയോ): കാനഡയിലെ പ്രവിശ്യാ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ‘ഒഹിപ്’ (OHIP) വഴി സൌജന്യമായി ലഭിക്കേണ്ട ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും സ്വകാര്യ ക്ലിനിക്കുകൾ അനധികൃതമായി തുക ഈടാക്കുന്നതായി പരാതി. ഇതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ഒന്റാറിയോ ഹെൽത്ത് കോയലിഷൻ രംഗത്തിറങ്ങി. ലണ്ടനിലെ ഒരു സ്വകാര്യ കണ്ണാശുപത്രിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് സംഘടനയുടെ ഭാരവാഹികൾ പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
സർക്കാർ പദ്ധതി പ്രകാരം തിമിര ശസ്ത്രക്രിയയും (കാറ്ററാക്ട്) ലെൻസ് മാറ്റിവെക്കലും പൂർണ്ണമായും സൗജന്യമാണെന്ന് ലണ്ടൻ ഹെൽത്ത് കോയലിഷൻ കോ-ചെയർ പീറ്റർ ബെർഗ്മാനീസ് വ്യക്തമാക്കി. ലേസർ ഉപയോഗിച്ചോ അല്ലാതെയോ ചെയ്യുന്ന ചികിത്സകൾക്ക് ജനങ്ങൾ അധിക പണം നൽകേണ്ടതില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, നിലവിൽ പല സ്വകാര്യ ക്ലിനിക്കുകളും രോഗികളിൽ നിന്ന് വലിയ തുക ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി ഒന്റാറിയോ ഹെൽത്ത് കോയലിഷൻ പുതിയ റിപ്പോർട്ട് ഉടൻ പുറത്തുവിടും.
പൊതു ആശുപത്രികളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് സംഘടന ആരോപിക്കുന്നു. വാരാന്ത്യങ്ങളിലും രാത്രി സമയങ്ങളിലും സർക്കാർ ആശുപത്രികളിലെ ഓപ്പറേഷൻ തിയേറ്ററുകളും എംആർഐ (MRI) മെഷീനുകളും പ്രവർത്തിക്കാതെ കിടക്കുകയാണ്. ഈ സൗകര്യങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കാൻ ഫണ്ട് അനുവദിച്ചാൽ സ്വകാര്യ ക്ലിനിക്കുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും പൊതുപണം ചോരുന്നത് തടയാനും സാധിക്കും.
2023-ൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനെന്ന പേരിലാണ് പ്രവിശ്യാ സർക്കാർ സ്വകാര്യ ക്ലിനിക്കുകൾക്ക് അനുമതി നൽകിയത്. എന്നാൽ മൂന്ന് വർഷത്തിന് ശേഷവും പൊതു ആശുപത്രികളെ അവഗണിച്ച് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പണം നൽകുകയാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. സ്വകാര്യവൽക്കരണം കാനഡയുടെ സൗജന്യ ആരോഗ്യ മേഖലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്ന് സംഘടനയുടെ കോ-ചെയറും രജിസ്റ്റേർഡ് നഴ്സുമായ ജെഫ് ഹാങ്ക്സ് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









