ലണ്ടൻ: ബ്രിട്ടനിലെ പാർപ്പിട വിപണിയിൽ ഇന്ത്യൻ വംശജരായ ഭൂവുടമകൾ നടത്തുന്ന മതപരമായ വിവേചനം പുറത്തുകൊണ്ടുവന്ന് ‘ദ ടെലഗ്രാഫ്’ പത്രത്തിന്റെ അന്വേഷണ റിപ്പോർട്ട്. ലണ്ടനിലെ വിവിധയിടങ്ങളിൽ വീടുകൾ വാടകയ്ക്ക് നൽകുമ്പോൾ ചില പ്രത്യേക മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രം മുൻഗണന നൽകുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. “മുസ്ലിങ്ങൾക്ക് മാത്രം”, “ഹിന്ദുക്കൾക്ക് മാത്രം” തുടങ്ങിയ നിബന്ധനകളോടെയുള്ള പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായതോടെ ലണ്ടനിലെ വീട് വിപണിയിൽ വംശീയ-മത വിവേചനം ശക്തമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ഫേസ്ബുക്ക്, ഗംട്രി, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് വിവേചനപരമായ ഇത്തരം പരസ്യങ്ങൾ ഭൂവുടമകൾ പ്രചരിപ്പിക്കുന്നത്. “മുസ്ലിം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മുൻഗണന”, “പഞ്ചാബി അല്ലെങ്കിൽ ഗുജറാത്തി സംസാരിക്കുന്നവർക്ക് മാത്രം” എന്നിങ്ങനെയുള്ള പരസ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഹരിയാനയിൽ നിന്നും കേരളത്തിൽ നിന്നുമുള്ളവർക്ക് മാത്രമായി ചില സ്ഥലങ്ങളിൽ താമസസൗകര്യം പരിമിതപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ടിക് ടോക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റോഷൻ പ്രോപ്പർട്ടീസ് എന്ന ഏജൻസിയും ഇത്തരത്തിൽ മതപരമായ അടിസ്ഥാനത്തിൽ നിരവധി ലിസ്റ്റിങ്ങുകൾ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ നീക്കം ചെയ്തു. ബ്രിട്ടനിലെ ‘ഇക്വാളിറ്റി ആക്ട് 2010’-ന്റെ നഗ്നമായ ലംഘനമാണ് ഈ നടപടിയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വംശം, മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വാടകക്കാരെ തിരഞ്ഞെടുക്കുന്നതിനോ മുൻഗണന നൽകുന്നതിനോ ഭൂവുടമകൾക്കോ ഏജന്റുമാർക്കോ ബ്രിട്ടീഷ് നിയമപ്രകാരം അനുവാദമില്ല.
മാസം 450 പൗണ്ട് വാടകയ്ക്ക് ‘മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രം’ എന്ന് പരസ്യം ചെയ്ത ഭൂവുടമയെ പത്രപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ, അമുസ്ലിങ്ങൾക്ക് വീട് നൽകില്ലെന്ന് പറഞ്ഞ് ഇയാൾ ഫോൺ കട്ടാക്കുകയായിരുന്നു. സമാനമായ രീതിയിൽ ‘ഹിന്ദുക്കൾക്ക് മാത്രം’ എന്ന് വ്യക്തമാക്കുന്ന പരസ്യങ്ങളും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, ചില പ്രത്യേക സാഹചര്യങ്ങളിൽ നിയമം ചില ഇളവുകൾ അനുവദിക്കുന്നുണ്ട്.
ഭൂവുടമ സ്വന്തം വീട്ടിലെ ഒരു മുറി വാടകയ്ക്ക് നൽകുകയും അടുക്കളയോ കുളിമുറിയോ വാടകക്കാരനുമായി പങ്കിടേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ, ഭക്ഷണക്രമത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണനകൾ നിശ്ചയിക്കാം. ഉദാഹരണത്തിന്, വീട്ടിൽ മാംസാഹാരം ഒഴിവാക്കാൻ സസ്യാഹാരികളെ മാത്രം തേടുന്നത് വിവേചനമായി കണക്കാക്കില്ല. എന്നാൽ വാടക ഏജന്റുമാർ വഴിയോ ഒറ്റപ്പെട്ട വീടുകൾ വാടകയ്ക്ക് നൽകുമ്പോഴോ മതപരമായ മുൻഗണന വെക്കുന്നത് കുറ്റകരമാണ്. നിലവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ ലണ്ടനിലെ പാർപ്പിട നയങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
'Only Muslims, Hindus preferred'; Racial discrimination is strong in London:
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



