ഒന്റാറിയോ: തൊഴിൽ തർക്കങ്ങൾക്കിടയിലെ പ്രതിഷേധം വിലക്കുന്ന സർക്കാർ നിയമത്തിനെതിരെ ഒന്റാറിയോ നഴ്‌സസ് അസോസിയേഷൻ (ONA) കോടതിയെ സമീപിച്ചു. ഹോസ്പിറ്റൽ ലേബർ ഡിസ്‌പ്യൂട്ട് ആർബിട്രേഷൻ ആക്ട് കാനഡയിലെ തന്നെ ഏറ്റവും കർശനമായ നിയമമാണെന്നും ഇത് പൂർണ്ണമായ പണിമുടക്ക് മാത്രമല്ല, മറ്റ് പ്രതിഷേധ രീതികളെയും തടയുന്നുവെന്നും നഴ്‌സുമാർ ആരോപിക്കുന്നു. പതിറ്റാണ്ടുകളായി ഈ നിയമം ഒന്റാറിയോയിലെ നഴ്‌സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും അടിസ്ഥാന ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുകയാണെന്ന് അസോസിയേഷൻ പ്രസിഡന്റ് എറിൻ അരിസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഴ്‌സുമാർ സമരത്തിലേർപ്പെടുമ്പോഴും അത്യാവശ്യ പരിചരണങ്ങൾ ഉറപ്പാക്കാൻ സാധിക്കുമെന്ന് ഒന്റാറിയോ നഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി. കാനഡയിലെ മറ്റ് പല പ്രവിശ്യകളിലും ലോകമെമ്പാടും ആരോഗ്യപ്രവർത്തകർക്ക് സമരത്തിന് അനുമതി നൽകുന്ന വ്യത്യസ്ത മാതൃകകളുണ്ടെന്നും ഒന്റാറിയോ ഇക്കാര്യത്തിൽ ഒരു അപവാദമാണെന്നും അസോസിയേഷന്റെ അഭിഭാഷക ഡാനിയേൽ ബിസ്‌നർ ചൂണ്ടിക്കാട്ടി. രോഗി പരിചരണത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രതിഷേധ നടപടികൾ സാധ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബ്രിട്ടീഷ് കൊളംബിയയിലെ നഴ്‌സുമാർ തിങ്കളാഴ്ച പണിമുടക്ക് വോട്ടെടുപ്പ് നടത്തിയിരുന്നു.
അനാവശ്യമായ അപകടങ്ങളിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്ന നിയമത്തിനെതിരായ വെല്ലുവിളി ഉപേക്ഷിക്കണമെന്ന് ഒന്റാറിയോ ഹോസ്പിറ്റൽ അസോസിയേഷൻ (OHA) ആവശ്യപ്പെട്ടു. ആശുപത്രികളിൽ ഏതെങ്കിലും തരത്തിലുള്ള തൊഴിൽ തടസ്സങ്ങൾ ഉണ്ടാകുന്നത് രോഗികളെ അപകടത്തിലാക്കുമെന്ന് ഒഎച്ച്എ കമ്മ്യൂണിക്കേഷൻസ് ചീഫ് കിർക്ക് ലെമെസൂറിയർ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ വർഷം ആർബിട്രേഷൻ വഴി നടപ്പിലാക്കിയ കരാറിൽ മിനിമം സ്റ്റാഫിംഗ് ലെവൽ ഉൾപ്പെടുത്താത്തതാണ് നഴ്‌സുമാരുടെ ഇപ്പോഴത്തെ പ്രതിഷേധത്തിന് പ്രധാന കാരണമെന്നും എറിൻ അരിസ് പറഞ്ഞു.
Nurses’ strike: ONA prepares for legal battle against Ontario government
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



