വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ നഴ്സുമാർ നടത്തുന്ന കരാർ പുതുക്കൽ സമരം വാൻകൂവർ ഐലൻഡിലേക്കും വ്യാപിപ്പിച്ചു. ഞായറാഴ്ച വിക്ടോറിയ ജനറൽ ആശുപത്രിക്ക് മുന്നിൽ നഴ്സുമാർ പുതിയ പിക്കറ്റ് ലൈനുകൾ ആരംഭിച്ചതായി ബി.സി. നഴ്സസ് യൂണിയൻ (BCNU) വ്യക്തമാക്കി. കഴിഞ്ഞ മാസം അധികൃതർ മുന്നോട്ടുവെച്ച താൽക്കാലിക കരാർ ജീവനക്കാർ വോട്ടെടുപ്പിലൂടെ തള്ളിയതിനെ തുടർന്ന് യൂണിയനും പ്രവിശ്യാ ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ഈ മാസം ആദ്യം വാൻകൂവർ ജനറൽ ആശുപത്രിക്ക് മുന്നിൽ ആരംഭിച്ച പിക്കറ്റിംഗ് പിന്നീട് സറേ മെമ്മോറിയൽ ആശുപത്രിയിലേക്കും ഇപ്പോൾ വിക്ടോറിയയിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
തർക്കം പരിഹരിക്കുന്നതിനായി പ്രവിശ്യാ ഭരണകൂടം വെള്ളിയാഴ്ച വിൻസ് റെഡി, അമാൻഡ റോജേഴ്സ് എന്നീ മുതിർന്ന മധ്യസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ചർച്ചകൾ സ്തംഭിച്ചതിനെ തുടർന്ന് മേയ് മാസത്തിൽ 98.2 ശതമാനം നഴ്സുമാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. തുടർന്ന് ഹെൽത്ത് എംപ്ലോയേഴ്സ് അസോസിയേഷൻ (HEABC) മുന്നോട്ടുവെച്ച, നാല് വർഷത്തിനുള്ളിൽ 12 ശതമാനം ശമ്പളവർദ്ധനവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന കരാർ ജൂണിൽ നടന്ന വോട്ടെടുപ്പിൽ 67 ശതമാനം അംഗങ്ങൾ തള്ളുകയായിരുന്നു. ജോലിസ്ഥലത്തെ സുരക്ഷാക്കുറവ്, കുറഞ്ഞ ശമ്പളം, അമിത ജോലിഭാരം എന്നിവയാണ് നഴ്സുമാർ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ.
സംസ്ഥാനത്തെ അറുപതിനായിരത്തോളം വരുന്ന യൂണിയൻ നഴ്സുമാരിൽ ഭൂരിഭാഗവും അത്യാവശ്യ സേവന കരാറുകളുടെ പരിധിയിൽ വരുന്നതിനാൽ, ജോലിയിലില്ലാത്ത ജീവനക്കാരെ ഉപയോഗിച്ചാണ് പിക്കറ്റിംഗ് നടത്തുന്നത്. കൂടാതെ നഴ്സിംഗ് ഇതര ജോലികളും അധികസമയ ജോലികളും ഇവർ ബഹിഷ്കരിച്ചിട്ടുണ്ട്. തിങ്കളാഴ്ച നാനൈമോ റീജിയണൽ ജനറൽ ആശുപത്രി, സൗത്ത് ഐലൻഡ് സർജിക്കൽ സെന്റർ എന്നിവിടങ്ങളിലും ചൊവ്വാഴ്ച റോയൽ ജൂബിലി ആശുപത്രിയിലും സമരം വ്യാപിപ്പിക്കുമെന്ന് യൂണിയൻ അറിയിച്ചു. അടിയന്തര ചികിത്സകളെ സമരം ബാധിക്കില്ലെങ്കിലും, അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും മാറ്റിവെക്കേണ്ടി വരുമെന്ന് ഐലൻഡ് ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി.
Nurses’ strike intensifies in British Columbia; Picketing in front of Victoria General Hospital as well
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





