വൻകൂവർ: അമേരിക്കയുമായുള്ള വ്യാപാര തർക്കവും 50 ശതമാനം തീരുവയും കാരണം ബ്രിട്ടീഷ് കൊളംബിയയിലെ നിരവധി തൊഴിലാളികൾ പ്രതിസന്ധിയിലായപ്പോൾ, കാനഡയിലെ പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറുന്നു. ഉപഭോക്താക്കൾ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പകരം ആഭ്യന്തര ഉൽപ്പന്നങ്ങൾ കൂടുതൽ വാങ്ങാൻ തുടങ്ങിയതാണ് പ്രാദേശിക കമ്പനികൾക്ക് തുണയായത്. ഇതിന്റെ ഭാഗമായി കോക്വിറ്റ്ലം ആസ്ഥാനമായുള്ള കൂളർ കോ കാനഡ തുടങ്ങിയ കമ്പനികളുടെ പാനീയ വിൽപ്പനയിൽ കഴിഞ്ഞ മാസങ്ങളിൽ 25 മുതൽ 30 ശതമാനം വരെ വർധനവ് രേഖപ്പെടുത്തി. വലിയ ഗ്രോസറി ശൃംഖലകളും ഇപ്പോൾ കൂടുതൽ കനേഡിയൻ ഉൽപ്പന്നങ്ങൾ ആവശ്യപ്പെട്ട് പ്രാദേശിക വ്യാപാരികളെ സമീപിക്കുന്നുണ്ട്.
മുമ്പത്തേക്കാൾ ശക്തമായി കനേഡിയൻ ബ്രാൻഡുകളെ പിന്തുണയ്ക്കാൻ ജനങ്ങൾ ഇപ്പോൾ മുന്നോട്ടുവരുന്നുണ്ടെന്ന് വൻകൂവറിലെ ജ്യൂസ് ട്രക്ക് ഉടമകൾ പറയുന്നു. അമേരിക്കൻ ഉൽപ്പന്നങ്ങൾ വിപണി കീഴടക്കുന്നതിനെതിരെ ഉപഭോക്താക്കൾ എതിർപ്പ് കാണിച്ചതോടെ ‘Buy Canadian’ എന്ന പ്രചാരണം കമ്പനികൾ സജീവമാക്കിയിട്ടുണ്ട്. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് സൂപ്പർമാർക്കറ്റുകളിലും കടകളിലും കൂടുതൽ പ്രാധാന്യവും മുൻഗണനയും നൽകണമെന്നാണ് ബിസിനസ് ഉടമകൾ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ഈ ചിന്താഗതിയിലെ മാറ്റം വ്യാപാര തർക്കങ്ങൾ അവസാനിച്ചാലും ദീർഘകാലം തുടരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ.
Also Read: കാനഡയിലെ മിനിമം വേതനത്തിൽ മാറ്റം; ഈ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ
ചില കമ്പനികൾക്ക് കനേഡിയൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉയർന്നത് ആശ്വാസമായെങ്കിലും മരം, നിർമ്മാണം തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ ഇപ്പോഴും വലിയ തകർച്ചയിലാണ്. അമേരിക്ക ചുമത്തിയ 50 ശതമാനം ഉയർന്ന തീരുവ കാരണം ഏകദേശം 11,000-ത്തോളം തൊഴിലാളികളുടെ ജോലിയെയാണ് ഇത് നേരിട്ട് ബാധിച്ചിരിക്കുന്നത്. ഇതിന് മറുപടിയായി കാനഡ തിരിച്ചടയ്ക്കുമോ എന്ന അനിശ്ചിതത്വവും ആയിരക്കണക്കിന് തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. എങ്കിലും, പ്രതിസന്ധികൾക്കിടയിലും സ്വന്തം നാട്ടിലെ ജനങ്ങളുടെ പിന്തുണ പ്രാദേശിക ബിസിനസുകൾക്ക് വലിയൊരു പ്രതീക്ഷ നൽകുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









