വാൻകൂവർ: സെന്റർബിസി പാർട്ടിയുടെ പുതിയ നേതാവായി മുൻ ബി.സി. കൺസർവേറ്റീവ് എംഎൽഎ പീറ്റർ മിലോബാറിനെ നിയമിച്ചു. പാർട്ടി നേതാവ് മൈക്ക് ബെർണിയർ വെള്ളിയാഴ്ച സ്ഥാനമൊഴിഞ്ഞതോടെയാണ് മിലോബാർ ചുമതലയേറ്റത്. മിലോബാറിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര എംഎൽഎമാരുടെ സംഘം സെന്റർബിസിയിൽ ചേർന്നതോടെ പാർട്ടിക്ക് ബി.സി. നിയമസഭയിൽ എട്ട് അംഗങ്ങളായി. ഓഗസ്റ്റ് പകുതിയിലാണ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മിലോബാർ കൺസർവേറ്റീവ് കക്ഷി വിട്ടത്.
തുടർന്ന് മറ്റ് എംഎൽഎമാരും കക്ഷിയിൽ നിന്ന് പുറത്തുപോയി. ഇതോടെ കെറി-ലിൻ ഫിൻഡ്‌ലേ നേതാവായതിന് ശേഷം കൺസർവേറ്റീവ് കക്ഷി വിട്ട എംഎൽഎമാരുടെ എണ്ണം 12 ആയതായി റിപ്പോർട്ടുകളുണ്ട്. സെന്റർബിസിയിൽ കൂടുതൽ എംഎൽഎമാർ ഉടൻ ചേരാൻ സാധ്യതയുണ്ടെന്ന് മിലോബാർ പറഞ്ഞു.
നിലവിലെ നേതൃത്വത്തിൽ അതൃപ്തിയുള്ള എംഎൽഎമാരെയും പാർട്ടിയിലേക്ക് ക്ഷണിച്ചു. നിയമസഭയിൽ 17 എംഎൽഎമാർ ഇപ്പോൾ സ്വതന്ത്രരായി തുടരുന്നതായാണ് റിപ്പോർട്ട്.
സെപ്റ്റംബർ 26ന് നടക്കുന്ന അബോട്ട്സ്ഫോർഡ്-മിഷൻ ഉപതിരഞ്ഞെടുപ്പിൽ സെന്റർബിസി സ്ഥാനാർഥി ലഖ്‌വിന്ദർ ഝജ്, ഫിൻഡ്‌ലേയ്ക്കെതിരെ മത്സരിക്കുന്നുണ്ട്. ഉടൻ തന്നെ പ്രവിശ്യയിലെ വിവിധ മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും മിലോബാർ പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









