മോൺട്രിയൽ: പൊതുജനങ്ങളുടെയും വ്യാപാരികളുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് മോൺട്രിയലിലെ സി.ഡി.എൻ-എൻ.ഡി.ജി (CDN-NDG) ബറോയിൽ പാർക്കിംഗ് മീറ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ അധികൃതർ മാറ്റം വരുത്തി. ഷെർബ്രൂക്ക് സ്ട്രീറ്റ് വെസ്റ്റിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന പദ്ധതിയിൽ നിന്നുമാണ് ജനകീയ ആവശ്യം പരിഗണിച്ച് ഗണ്യമായ കുറവ് വരുത്തിയത്.
ആദ്യ ഘട്ടത്തിൽ വിഭാവനം ചെയ്ത പദ്ധതിയിൽ നിന്നും വ്യത്യസ്തമായി, പുതിയ തീരുമാനപ്രകാരം മീറ്ററുകളുടെ എണ്ണം പകുതിയോളമായി കുറയ്ക്കും. ഇപ്പോൾ ഏകദേശം 250 പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രമാണ് മീറ്ററുകൾ സ്ഥാപിക്കുക. ഡെക്കാരി ബ്ലൂവാർഡിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള ഉപറോഡുകളിലും, ഗ്രാൻഡ് ബ്ലൂവാർഡ് മുതൽ ബീക്കൺസ്‌ഫീൽഡ് അവന്യൂ വരെയുള്ള ഷെർബ്രൂക്ക് റോഡിന്റെ പ്രധാന ഭാഗങ്ങളിലും പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഭരണകൂടം ബാധ്യസ്ഥമാണെന്നും, പൊതുജന ഹർജിയും പ്രതിഷേധങ്ങളും പരിഗണിച്ചാണ് ഈ പിന്മാറ്റമെന്നും ആക്ടിംഗ് മേയർ സണ്ണി മൊറോസ് അറിയിച്ചു.
പാർക്കിംഗ് ക്രമീകരണം മെച്ചപ്പെടുത്താനും പ്രാദേശിക കച്ചവടക്കാരെ സഹായിക്കാനുമാണ് ഈ പദ്ധതിയെന്ന് ബറോ അധികൃതർ വ്യക്തമാക്കി. മീറ്ററുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം പ്രദേശത്തെ റോഡുകളുടെ വികസനത്തിനായി ബിസിനസ് അസോസിയേഷനുമായി ചേർന്ന് ചെലവഴിക്കും. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മെയ് പകുതിയോടെ ആരംഭിക്കാനാണ് തീരുമാനം. ജൂൺ മാസത്തോടെ മീറ്ററുകൾ പ്രവർത്തനക്ഷമമാകുമെങ്കിലും, ഡ്രൈവർമാർക്ക് പുതിയ രീതിയുമായി പരിചിതമാകാൻ നിശ്ചിത കാലയളവ് ഗ്രേസ് പിരീഡ് അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Now you can park peacefully; Parking meters have been reduced in Montreal; Authorities have made concessions considering the protests




