ന്യൂഡൽഹി: രാജ്യം ആദരവോടെ കാത്തിരുന്ന 2026-ലെ പത്മ പുരസ്കാരങ്ങൾ ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ജേതാക്കൾക്ക് സമ്മാനിച്ചു. റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ച അവാർഡുകളാണ് ഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ രാഷ്ട്രപതി വിതരണം ചെയ്തത്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖർ രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. രണ്ട് പത്മവിഭൂഷൺ, ഏഴ് പത്മഭൂഷൺ, 56 പത്മശ്രീ എന്നിങ്ങനെ ആകെ 65 പുരസ്കാരങ്ങളാണ് ചടങ്ങിൽ സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതവും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തിയാണ് മമ്മൂട്ടിക്ക് പത്മഭൂഷൺ ബഹുമതി നൽകിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രശസ്ത ഗായിക അൽക യാഗ്നിക്, ടെന്നീസ് താരം വിജയ് അമൃത്രാജ് എന്നിവരും പത്മഭൂഷൺ ഏറ്റുവാങ്ങി. കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ സമ്മാനിച്ചു. മമ്മൂട്ടി പുരസ്കാരം വാങ്ങുന്നതിന് സാക്ഷിയാകാൻ മകനും നടനുമായ ദുൽഖർ സൽമാൻ, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ് എന്നിവരും ഡൽഹിയിൽ എത്തിയിരുന്നു.
കായിക, സിനിമാ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ ഇത്തവണ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ, ഹോക്കി താരം സവിത പുനിയ, നടൻ ആർ. മാധവൻ, തെലുങ്ക് നടൻ രാജേന്ദ്ര പ്രസാദ്, അനിൽ കുമാർ റസ്തോഗി എന്നിവർ പത്മശ്രീ ഏറ്റുവാങ്ങി. അന്തരിച്ച പ്രശസ്ത നടൻ സതീഷ് ഷായ്ക്കുള്ള മരണാനന്തര പത്മശ്രീ ബഹുമതി അദ്ദേഹത്തിന്റെ സഹോദരൻ അരവിന്ദ് ഷാ രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ചു. വിവിധ മേഖലകളിൽ രാജ്യം ഒട്ടാകെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങായിരുന്നു ഇത്. രാജ്യത്തിന്റെ പുരോഗതിക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ പുരസ്കാരം നൽകി രാജ്യം ആദരിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Now Mammootty gets Padma Bhushan: Starry night at Rashtrapati Bhavan, favorite stars receive awards





