ഹാലിഫാക്സ്: നോവ സ്കോഷ്യ സർക്കാരും അയ്യായിരത്തിലധികം സ്കൂൾ സപ്പോർട്ട് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ‘കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും’ (CUPE) തമ്മിൽ താത്കാലിക കരാറിലെത്തി. ശമ്പള വർദ്ധനവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് തിങ്കളാഴ്ച മുതൽ പണിമുടക്കുമെന്ന് കാണിച്ച് യൂണിയൻ വെള്ളിയാഴ്ച സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും, നിർണായക ചർച്ചകൾക്കൊടുവിൽ സമരം ഒഴിവാക്കുകയായിരുന്നു. ഇതോടെ പ്രവിശ്യയിലുടനീളമുള്ള ആയിരക്കണക്കിന് സ്കൂളുകളുടെ പ്രവർത്തനം തടസ്സപ്പെടുമെന്ന ആശങ്കയ്ക്ക് പൂർണ്ണ പരിഹാരമായി.
സർക്കാർ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് സംബന്ധിച്ച നിർദ്ദേശങ്ങളിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് യൂണിയൻ ഔദ്യോഗികമായി പണിമുടക്ക് നോട്ടീസ് നൽകിയത്. തിങ്കളാഴ്ചയ്ക്കകം ന്യായമായ കരാറിലെത്തിയില്ലെങ്കിൽ ജീവനക്കാർ ഒന്നടങ്കം ജോലിയിൽ നിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു യൂണിയന്റെ മുന്നറിയിപ്പ്. തുടർന്ന് തിങ്കളാഴ്ചത്തെ ഡെഡ്‌ലൈൻ നിലനിൽക്കെ നടന്ന തീവ്രമായ ചർച്ചകൾക്കൊടുവിലാണ് സമരം ഒഴിവാക്കാൻ വഴിതെളിഞ്ഞത്.
കഴിഞ്ഞ പത്ത് മാസത്തോളമായി ഇരുവിഭാഗവും തമ്മിൽ നിരന്തരം ബാർഗെയിനിംഗ് ചർച്ചകൾ നടന്നുവരികയായിരുന്നു. യൂണിയൻ ഉന്നയിച്ച പ്രധാന ആശങ്കകൾക്കും ആവശ്യങ്ങൾക്കും പരിഹാരം കാണാൻ പുതിയ ധാരണയിലൂടെ സാധിച്ചിട്ടുണ്ടെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് വ്യക്തമാക്കി. എഡ്യൂക്കേഷൻ പ്രോഗ്രാം അസിസ്റ്റന്റുമാർ, അധ്യാപക സഹായികൾ, പ്രീ-സ്കൂൾ അധ്യാപകർ, ലൈബ്രറേറിയൻമാർ, സ്കൂൾ ബസ് ഡ്രൈവർമാർ, ജനീറ്റർമാർ, കഫറ്റീരിയ തൊഴിലാളികൾ തുടങ്ങി വിദ്യാലയങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന അയ്യായിരത്തിലധികം ജീവനക്കാർക്ക് ഈ പുതിയ കരാറിന്റെ പ്രയോജനം ലഭിക്കും.
ALSO READ: ഹാലിഫാക്സ് സെൻട്രൽ ലൈബ്രറിയിൽ സൗജന്യ നെയ്ത്ത് ക്ലാസുകൾ; ശ്രദ്ധേയമായി ‘കോമൺ ത്രെഡ്സ്’ കൂട്ടായ്മ
എത്തിച്ചേർന്ന താത്കാലിക കരാറിന്റെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ യൂണിയൻ അംഗങ്ങൾക്ക് മുൻപാകെ അവതരിപ്പിക്കുകയും വോട്ടെടുപ്പിലൂടെ അന്തിമ അംഗീകാരം നേടുകയും ചെയ്യും. സർക്കാരുമായി ധാരണയിലെത്തിയ പശ്ചാത്തലത്തിൽ, വരും ആഴ്ചയിൽ പ്രവിശ്യയിലെ മുഴുവൻ സ്കൂളുകളുടെയും പ്രവർത്തനങ്ങളും അനുബന്ധ പ്രോഗ്രാമുകളും തടസ്സങ്ങളൊന്നുമില്ലാതെ സാധാരണ നിലയിൽ തന്നെ മുന്നോട്ടുപോകുമെന്ന് നോവ സ്കോട്ടിയ പ്രീമിയർ ടിം ഹൂസ്റ്റൺ അറിയിച്ചു. ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസം പകരുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





