നോവ സ്കോഷ്യ; അമേരിക്കൻ എഐ കമ്പനിയായ ആന്ത്രോപിക് നിർമ്മിച്ച ക്ലോഡ് ചാറ്റ്ബോട്ടിനായി നോവ സ്കോഷ്യയയിൽ ആരംഭിക്കുന്ന പുതിയ ഡാറ്റാ സെന്ററിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. മഴയെപ്പോലും അവഗണിച്ച് ശനിയാഴ്ച പ്രവിശ്യയിലുടനീളം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ റാലികളിൽ പങ്കെടുത്തത്. എവർവിൻഡ് ഫ്യൂവൽസ് എന്ന കമ്പനി പോയിന്റ് ടപ്പറിൽ നിർമ്മിക്കുന്ന ഈ കൂറ്റൻ പദ്ധതി പരിസ്ഥിതിക്കും കുടിവെള്ളത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
തലസ്ഥാനമായ ഹാലിഫാക്സിലെ പ്രൊവിൻസ് ഹൗസിന് മുന്നിലായിരുന്നു പ്രധാന പ്രതിഷേധം. ഇതിന് പുറമെ കെന്റ്വിൽ, പോർട്ട് ഹോക്സ്ബറി, ട്രൂറോ എന്നിവിടങ്ങളിലും ജനങ്ങൾ സംഘടിച്ചു. കോർപ്പറേറ്റ് ലാഭത്തിന് വേണ്ടി പരിസ്ഥിതിയെയും കുടിവെള്ളത്തെയും വിട്ടുനൽകരുതെന്ന് എക്കോളജി ആക്ഷൻ സെന്റർ പ്രതിനിധി റോവൻ സ്വെയ്ൻ ആവശ്യപ്പെട്ടു. പദ്ധതി പ്രദേശത്തെ തദ്ദേശീയരായ മിക്മാ ജനവിഭാഗത്തിന്റെ സമ്മതം വാങ്ങിയിട്ടില്ലെന്ന് കെന്റ്വില്ലിലെ പ്രതിഷേധക്കാർ ആരോപിച്ചു.
പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര നിയമസഭ വിളിക്കണമെന്ന് സംഘാടകനായ ബെഞ്ചമിൻ ലോസൺ പ്രീമിയർ ടിം ഹൂസ്റ്റണോട് ആവശ്യപ്പെട്ടു. ഡാറ്റാ സെന്ററുകൾക്ക് വൻതോതിൽ വൈദ്യുതിയും വെള്ളവും ആവശ്യമാണ്. നിലവിൽ വിൻഡ് ഫാമുകൾ പൂർത്തിയാകാത്തതിനാൽ പ്രാദേശിക ഗ്രിഡിൽ നിന്നാണ് കമ്പനി വൈദ്യുതി ഉപയോഗിക്കുന്നത്. ഇത് ജനങ്ങളുടെ വൈദ്യുതി നിരക്ക് കൂട്ടുമെന്നാണ് പ്രധാന ആശങ്ക.
LSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
എന്നാൽ ഫെഡറൽ-സംസ്ഥാന സർക്കാറുകളുടെ എല്ലാ പരിസ്ഥിതി മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നിർമ്മിക്കുന്നതെന്ന് എവർവിൻഡ് കമ്പനി ഡയറക്ടർ മാർക്ക് സ്റ്റുവർട്ട് വ്യക്തമാക്കി. സംശയങ്ങൾ സ്വാഭാവികമാണെന്നും 1,000 കോടി ഡോളറിന്റെ വൻ നിക്ഷേപം പ്രവിശ്യക്ക് വലിയ നേട്ടമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. എങ്കിലും കുടിവെള്ളവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ പദ്ധതിക്ക് അന്തിമ അനുമതി നൽകൂ എന്ന് സർക്കാർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





