നയാഗ്ര: നയാഗ്ര ഫോൾസിൽ ജൂലൈ 16-ന് നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ട മിച്ച് സ്നോഡൻ (35) എന്ന ടാറ്റൂ ആർട്ടിസ്റ്റിന്റെ കുടുംബം നീതിക്കായി കാത്തിരിക്കുന്നു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രധാന പ്രതിക്കായി കാനഡയിലുടനീളം പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
35-കാരനായ സ്നോഡൻ തന്റെ തോറോൾഡ് സ്റ്റോൺ റോഡിലെ വീട്ടിൽ വെച്ചാണ് ആക്രമിക്കപ്പെട്ടത്. ഒരു പുരുഷനും സ്ത്രീയും വീട്ടിൽ അതിക്രമിച്ചു കയറി മിച്ചിന് നേരെ വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ആക്രമണം കൃത്യമായ ലക്ഷ്യത്തോടെ നടത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് 30-കാരിയായ ജോസ്റ്റ ഗ്രേസ് മക്നീലിനെ ഓഗസ്റ്റ് 27-ന് മോൺട്രിയലിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. എന്നാൽ, കേസ്സിലെ പ്രധാന പ്രതിയായ 23-കാരൻ മറൂഫ് ബാംഗി ഇപ്പോഴും ഒളിവിലാണ്. വേഷവും വാഹനങ്ങളും മാറി മാറി ഉപയോഗിച്ചാണ് പ്രതികൾ ആഴ്ചകളോളം പൊലീസിനെ വെട്ടിച്ചത്.
അഞ്ചടി ആറിഞ്ച് ഉയരവും കറുത്ത നിറവുമുള്ള മറൂഫ് ബാംഗി അപകടകാരിയാണെന്നും, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ തന്നെ 911-ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









