നയാഗ്ര: കാനഡ-അമേരിക്ക അതിർത്തിയിലെ സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി നയാഗ്ര ഫാൾസ് ടൂറിസം അമേരിക്കൻ നിവാസികൾക്കായി പ്രത്യേക ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം നിലനിർത്താനാണ് ഈ നീക്കം.
ഇതിന്റെ ഭാഗമായി ശനിയാഴ്ച രാത്രി നയാഗ്ര ഫോൾസ് അമേരിക്കൻ ഫുട്ബോൾ ടീമായ ബഫലോ ബിൽസിന്റെ ഔദ്യോഗിക നിറങ്ങളായ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ തെളിയും. അമേരിക്കൻ പത്രമായ ‘ബഫലോ ന്യൂസിൽ’ ഒരു പേജ് മുഴുവൻ നീക്കിവെച്ചാണ്, കാനഡയിലെ നയാഗ്ര ഫാൾസിലേക്ക് ബഫലോ നിവാസികളെ ക്ഷണിച്ചുകൊണ്ട് നയാഗ്ര ഫാൾസ് ടൂറിസം പരസ്യം നൽകിയത്.
കഴിഞ്ഞ സെപ്റ്റംബർ 17-ന് അമേരിക്കയിൽ നടന്ന ബഫലോ ബിൽസ് മത്സരത്തിനിടെ കനേഡിയൻ ദേശീയഗാനം ആലപിച്ച് അമേരിക്കക്കാർ ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇതിനുള്ള നന്ദിസൂചകമായാണ് കാനഡയിലെ ഈ ആഘോഷം. ‘ബിസിനസ് തർക്കങ്ങൾ നിലനിൽക്കുമ്പോഴും മനുഷ്യർ തമ്മിലുള്ള സ്നേഹവും സൗഹൃദവും ഉയർത്തിപ്പിടിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്ന് നയാഗ്ര ഫാൾസ് ടൂറിസം പ്രസിഡന്റ് ആഡം സ്റ്റൈൽസ് അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള കുടുംബബന്ധങ്ങളും കായികപ്രേമവും കൂടുതൽ ശക്തമാക്കാൻ ഇത്തരം കൂട്ടായ്മകൾ സഹായിക്കുമെന്നും സംഘാടകർ വ്യക്തമാക്കുന്നു.
Also Read: കുടിയേറ്റ നയം മാറുമോ? ഫെഡറൽ സർക്കാരിന്റെ ‘ 2027-2029 ഇമിഗ്രേഷൻ ലെവൽസ് പ്ലാൻ’ ഉടൻ
ശനിയാഴ്ച രാത്രി എത്തുന്ന സന്ദർശകർക്കായി വർണ്ണാഭമായ ഫയർവർക്ക്‌സും വെള്ളച്ചാട്ടത്തിലെ പ്രകാശാലങ്കാരവും ഒരുക്കിയിട്ടുണ്ട്. രാത്രി 10:00 മണി മുതൽ 10:05 വരെയായിരിക്കും ആകാശത്ത് വർണ്ണാഭമായ ഫയർവർക്ക്‌സ് നടക്കുക. തുടർന്ന് രാത്രി 10:00 മുതൽ 10:15 വരെ ബഫലോ ബിൽസ് ടീമിന്റെ നിറങ്ങളിൽ വെള്ളച്ചാട്ടം പ്രകാശിക്കും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





