യോർക്ക്: ബ്രിട്ടനിൽ ഇംഗ്ലീഷ് മാതൃഭാഷയാണെന്ന് അവകാശപ്പെട്ട് ജോലിയിൽ പ്രവേശിച്ച ശേഷം ആശയവിനിമയത്തിൽ പരാജയപ്പെട്ട ഇന്ത്യൻ വംശജയായ സ്പീച്ച് തെറാപ്പിസ്റ്റിനെ ജോലിയിൽ നിന്നും പുറത്താക്കി. യോർക്കിലെ എൻഎച്ച്എസ് (NHS) ഫൗണ്ടേഷന് കീഴിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സായ് കീർത്തന ശ്രീപെരുമ്പുദൂരുവിനെതിരെയാണ് അധികൃതർ നടപടിയെടുത്തത്.
രോഗികളുമായും സഹപ്രവർത്തകരുമായും സംസാരിക്കുന്നതിൽ കീർത്തനയ്ക്ക് വലിയ തടസങ്ങൾ നേരിട്ടിരുന്നതായി അധികൃതർ കണ്ടെത്തി. കുട്ടികളുടെയും മറ്റ് രോഗികളുടെയും ഉച്ചാരണവും വാക്യഘടനയും മനസ്സിലാക്കാൻ കഴിയാത്തത് ഒരു സ്പീച്ച് തെറാപ്പിസ്റ്റ് എന്ന നിലയിലുള്ള ഇവരുടെ പ്രവർത്തനത്തെ ബാധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലി ലഭിക്കാനായി ഇവർ തെറ്റായ വിവരങ്ങൾ നൽകിയെന്ന് വ്യക്തമായത്.
അപേക്ഷാ സമയത്ത് ഇംഗ്ലീഷ് തന്റെ മാതൃഭാഷയാണെന്നാണ് കീർത്തന അവകാശപ്പെട്ടിരുന്നത്. എന്നാൽ പരിശോധനയിൽ ഇവരുടെ മാതൃഭാഷ തെലുങ്കാണെന്ന് തെളിഞ്ഞു. അഭിമുഖ സമയത്ത് നേരിട്ട് സംസാരിക്കുന്നതിന് പകരം ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് നൽകാൻ ഇവർ ആവശ്യപ്പെട്ടിരുന്നതായും ഇത് അസ്വാഭാവികമായിരുന്നു എന്നും മാനേജർ വെളിപ്പെടുത്തി.
തന്റെ വിദ്യാഭ്യാസം ഇംഗ്ലീഷിലായിരുന്നതിനാലാണ് മാതൃഭാഷയായി രേഖപ്പെടുത്തിയതെന്ന കീർത്തനയുടെ വാദം പാനൽ തള്ളി. സ്ഥാപനത്തെ കബളിപ്പിച്ചതിനും തൊഴിൽപരമായ നിലവാരം പുലർത്താത്തതിനും കീർത്തനയെ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കാൻ ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് ട്രിബ്യൂണൽ ഉത്തരവിടുകയായിരുന്നു. 2023-ൽ ജോലിയിൽ പ്രവേശിച്ച ഇവർക്കെതിരെ 2024 ജൂൺ മുതലാണ് നടപടികൾ ആരംഭിച്ചത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
NHS fires Indian-origin worker who claims to be native English speaker in Britain but doesn't speak it





