പി.ഇ.ഐ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (പി.ഇ.ഐ) ഏറ്റവും പഴയ വിൻഡ് ഫാം ആയ നോർത്ത് കേപ്പിലെ ടർബൈനുകൾ മാറ്റുന്നതിനുള്ള നടപടികൾ പി.ഇ.ഐ എനർജി കോർപ്പറേഷൻ ആരംഭിച്ചു. 2000-കളുടെ തുടക്കത്തിൽ സ്ഥാപിച്ച ഈ ടർബൈനുകൾ നിലവിൽ പ്രവർത്തന കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ്. പഴക്കം കാരണം ടർബൈനുകൾ അടിക്കടി പ്രവർത്തനരഹിതമാകുന്നതും അറ്റകുറ്റപ്പണി ചെലവ് വർദ്ധിക്കുന്നതും ഊർജ്ജ ഉൽപ്പാദനത്തെ ബാധിക്കുന്നതായി പി.ഇ.ഐ എനർജി കോർപ്പറേഷനിലെ ഓപ്പറേഷൻസ് എൻജിനീയർ ബ്ലെയർ ആഴ്സനോൾട്ട് വ്യക്തമാക്കി. നിലവിലുള്ള ടർബൈനുകൾ നീക്കം ചെയ്യുന്നതിന്റെ പരിസ്ഥിതി ആഘാത പഠനത്തിനായി പ്രവിശ്യാ സർക്കാർ ടെൻഡർ വിളിച്ചിട്ടുണ്ട്.
നിലവിൽ നോർത്ത് കേപ്പിലുള്ള 16 ടർബൈനുകൾ 0.66 മെഗാവാട്ട് ശേഷിയുള്ളവയാണ്. ഇവയ്ക്ക് പകരം സ്ഥാപിക്കുന്ന പുതിയ ടർബൈനുകൾ വലിപ്പമേറിയതും കൂടുതൽ കരുത്തുള്ളതുമായിരിക്കും. നോർത്ത് കേപ്പിലെ പഴയ മോഡലുകൾക്ക് മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ മാത്രം പ്രവർത്തിക്കാൻ കഴിയുമ്പോൾ, പുതിയവ മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ തടസ്സമില്ലാതെ പ്രവർത്തിക്കാൻ ശേഷിയുള്ളവയാണ്. പുതിയ വിൻഡ് ഫാം 2029-ഓടെയോ 2030-ഓടെയോ പ്രവർത്തനസജ്ജമാകുമെന്നാണ് കോർപ്പറേഷന്റെ പ്രതീക്ഷ. നിലവിലുള്ള റോഡുകളും ട്രാൻസ്മിഷൻ ലൈനുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പുതിയ പദ്ധതിക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, വിൻഡ് ഫാമുകളുടെ വിപുലീകരണം വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കാൻ സഹായിക്കുമെങ്കിലും ‘കപ്പാസിറ്റി’ സംബന്ധിച്ച വെല്ലുവിളികൾ നിലനിൽക്കുമെന്ന് മാരിടൈം ഇലക്ട്രിക് വൈസ് പ്രസിഡന്റ് ആംഗസ് ഓർഫോർഡ് വിലയിരുത്തൽ നടത്തി. കാറ്റിൽ നിന്നുള്ള ഊർജ്ജം പ്രകൃതിദത്ത സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ, സ്ഥിരമായ വൈദ്യുതി വിതരണത്തിന് മറ്റ് സ്രോതസ്സുകളെ കൂടി ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും നോർത്ത് കേപ്പിലെ ഉൽപ്പാദനത്തിലുണ്ടാകുന്ന വർദ്ധനവ് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പി.ഇ.ഐ എനർജി കോർപ്പറേഷൻ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാൻ മാരിടൈം ഇലക്ട്രിക് നിയമപരമായി ബാധ്യസ്ഥരാണ്.
New wind turbines coming to North Cape; PEI prepares for renovation
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





