ന്യൂ ഓർലിയാൻസ്: മിസിസിപ്പി നദിയിൽ നിർത്തിയിട്ടിരുന്ന ക്രൂയിസ് കപ്പലിൽ ടാങ്കർ ഇടിച്ച് അപകടം. അമേരിക്കൻ ക്രൂയിസ് ലൈൻസിന്റെ അമേരിക്കൻ ഹെറിറ്റേജ് എന്ന കപ്പലിലാണ് അത്ലാന്റിക് അസ്ഫാൽറ്റ് എന്ന ടാങ്കർ ഇടിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ന്യൂ ഓർലിയൻസ് തുറമുഖത്തിന് സമീപമായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തിൽ ക്രൂയിസ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞ് ഭാഗികമായി വെള്ളത്തിൽ മുങ്ങി. അപകടസമയത്ത് 129 യാത്രക്കാരും ജീവനക്കാരും കപ്പലിലുണ്ടായിരുന്നു. സംഭവമറിഞ്ഞ് ഫയർഫോഴ്സും പോലീസും യു.എസ്. കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നദിയിൽ വീണവരെ സമീപത്തുണ്ടായിരുന്ന കപ്പലുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ക്രൂയിസ് കപ്പലിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അമേരിക്കൻ ക്രൂയിസ് ലൈൻസ് അറിയിച്ചു. ഇവരെ തുറമുഖത്തെ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിലേക്ക് മാറ്റി.
രക്ഷാപ്രവർത്തനത്തെത്തുടർന്ന് മിസിസിപ്പി നദിയുടെ മൂന്ന് മൈൽ ഭാഗത്ത് കപ്പൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിലും ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് പിന്നാലെ പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





