സാന്റ ഫേ : ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട കേസിൽ മെറ്റയ്ക്ക് കനത്ത തിരിച്ചടി. കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട കേസിൽ മെറ്റ പ്ലാറ്റ്ഫോംസ് 35 മുതൽ 40 ബില്യൺ ഡോളർ പിഴയൊടുക്കണമെന്ന് ന്യൂ മെക്സിക്കോ സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് കമ്പനി തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ നടത്തിയെന്ന് കഴിഞ്ഞ സെപ്റ്റംബർ 25-ന് ജൂറി കണ്ടെത്തിയിരുന്നു.
ഫേസ്ബുക്കിന്റെ തെറ്റായ പ്രസ്താവനകൾ ഉപഭോക്തൃ നിയമങ്ങളുടെ 4 കോടിയിലധികം ലംഘനങ്ങളാണെന്നാണ് ജൂറി വിലയിരുത്തിയത്. നിയമപ്രകാരം ഓരോ ലംഘനത്തിനും പരമാവധി 5,000 ഡോളർ വരെ പിഴ ഈടാക്കാൻ ജഡ്ജിക്ക് അധികാരമുണ്ട്. എന്നാൽ പരമാവധി പിഴയീടാക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാകുമെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകരായ റാണ്ടി മക്ഗിൻ വാദിച്ചു. എങ്കിലും കമ്പനിയെ ബാധിക്കുന്ന തരത്തിലുള്ള വലിയ തുക പിഴയായി ചുമത്തണമെന്ന് അവർ കോടതിയോട് അഭ്യർത്ഥിച്ചു.
മെറ്റയുടെ ഓഹരി വിലയെയും ബിസിനസിനെയും ബാധിക്കുന്ന ശക്തമായ നടപടി ഉണ്ടാകണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. അതേസമയം, സംസ്ഥാനം ആവശ്യപ്പെടുന്ന തുക അങ്ങേയറ്റം ഉയർന്നതാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും മെറ്റയുടെ അഭിഭാഷകൻ മാറ്റ് നിക്കോൾസൺ കോടതിയിൽ വാദിച്ചു. പിഴ പരമാവധി 3.45 ബില്യൺ ഡോളറായി പരിമിതപ്പെടുത്തണമെന്നാണ് മെറ്റയുടെ ആവശ്യം.
2021-ൽ ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിചാരണ നടക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ ആർക്കൊക്കെ ലഭ്യമാണെന്നതു സംബന്ധിച്ചും പ്ലാറ്റ്ഫോമിലെ വ്യാജപ്രചാരണങ്ങളെക്കുറിച്ചും മെറ്റ ഉപയോക്താക്കളെ കബളിപ്പിച്ചെന്നാണ് പ്രധാന ആരോപണം. സാന്റാ ഫെയിലെ ഫസ്റ്റ് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി ഫ്രാൻസിസ് മാത്യു ഈ മാസം തന്നെ അന്തിമ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq




