സെന്റ് ജോൺ : ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറും ക്യുബെക്കും തമ്മിൽ ഒപ്പുവെച്ച പുതിയ ചർച്ചിൽ ഫോൾസ് കരാർ കൃത്യമായി പ്രയോജനപ്പെടുത്തിയാൽ, പ്രവിശ്യയിൽ എണ്ണ മേഖല ഉണ്ടാക്കിയതിനേക്കാൾ വലിയ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് സാമ്പത്തിക നിരീക്ഷകനും വിപണി വിദഗ്ദ്ധനുമായ ലാറി ഷോർട്ട് വ്യക്തമാക്കി. തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ പുതിയ കരാർ ഖനന മേഖലയിലടക്കം വൻ അവസരങ്ങളും അധിക വൈദ്യുതി വിൽപ്പനയിലൂടെ വൻ വരുമാനവും നൽകുമെങ്കിലും, മുൻ ധാരണാപത്രത്തിലെന്ന പോലെ പോരായ്മകൾ എന്തെങ്കിലും ഉണ്ടോയെന്ന് കണ്ടെത്താൻ സമഗ്രമായ പരിശോധന ആവശ്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
2024-ലെ ധാരണാപത്രം പ്രവിശ്യയ്ക്ക് 36 ബില്യൺ ഡോളറിന്റെ അറ്റമൂല്യമാണ് വാഗ്ദാനം ചെയ്തതെങ്കിൽ, പുതിയ കരാറിലൂടെ ഇത് 49 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. പ്രവിശ്യ നിലവിൽ നേരിടുന്ന 20 ബില്യൺ ഡോളറിനടുത്തുള്ള ഭീമമായ കടബാധ്യത തീർക്കാൻ ഈ വരുമാനം വലിയൊരു താങ്ങാവുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, പദ്ധതിയുടെ ഭാഗമായി 23,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രഖ്യാപനമെങ്കിലും ഇത് പ്രാദേശിക അടിസ്ഥാനസൗകര്യങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്നും ലാറി ഷോർട്ട് ചൂണ്ടിക്കാtട്ടിയിരുന്നു. വിദഗ്ദ്ധ തൊഴിലാളികൾ പുറത്തുനിന്ന് എത്തുന്നത് ഭവനനിർമ്മാണം, വിലക്കയറ്റം, ആരോഗ്യ പരിപാലനം, മറ്റ് പൊതുസേവനങ്ങൾ എന്നിവയിൽ വലിയ സമ്മർദ്ദം ചെലുത്തും. മേഖലയിൽ വലിയ സാമ്പത്തിക ഉണർവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ആവശ്യത്തിന് ഭവനസൗകര്യങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രവിശ്യാ സർക്കാർ മുൻകൂട്ടി കൃത്യമായ പ്ലാനിംഗ് നടത്തണമെന്ന് ലാബ്രഡോർ സിറ്റി മേയർ ജോർദാൻ ബ്രൗൺ ആവശ്യപ്പെട്ടു.
തൊഴിൽ ശക്തി വർദ്ധിപ്പിക്കുന്നതിനായി പ്രാദേശികമായി ആളുകൾക്ക് കൃത്യമായ പരിശീലനം നൽകണമെന്നും ലാബ്രഡോർ സിറ്റി മേയർ വ്യക്തമാക്കി. തദ്ദേശീയർക്ക് പരിശീലനം നൽകിയില്ലെങ്കിൽ പുറത്തുനിന്നുള്ളവർ വന്ന് ജോലി ചെയ്തു മടങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും, ഇത് പ്രാദേശിക സമൂഹത്തിന് ശാശ്വതമായ ഗുണം ചെയ്യില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. താത്കാലിക ലേബർ ക്യാമ്പുകൾക്ക് പകരം വൻതോതിൽ വളരുന്ന ഒരു സ്ഥിര സമൂഹത്തെ കെട്ടിപ്പടുക്കാൻ ആവശ്യമായ വിഭവങ്ങൾ പ്രവിശ്യ ലഭ്യമാക്കണമെന്നും, അതിനായി സർക്കാർ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തണമെന്നുമാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം.
New Churchill Falls deal could pave way for bigger economic boom than oil, says economist
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




