സിഡ്നി: വർഷങ്ങളായി പുരോഗതിയില്ലാതെ കിടക്കുന്ന പോർട്ട് വികസന പദ്ധതിയിൽ നാടകീയ തിരിച്ചുവരവ്. വിവാദ തുറമുഖ വികസന കമ്പനിയായ ‘സിഡ്നി ഹാർബർ ഇൻവെസ്റ്റ്മെന്റ് പാർട്ണേഴ്സു’മായുള്ള ബന്ധം ഉപേക്ഷിക്കാനുള്ള മുൻ തീരുമാനം കേപ് ബ്രെട്ടൺ റീജിയണൽ കൗൺസിൽ റദ്ദാക്കി.
പത്ത് വർഷത്തിലേറെയായി എടുത്തുപറയത്തക്ക യാതൊരു പുരോഗതിയും ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ജനുവരിയിലാണ് കമ്പനിയുമായുള്ള ചർച്ചകൾ അവസാനിപ്പിക്കാൻ CBRM കൗൺസിൽ തീരുമാനിച്ചിരുന്നത്. എന്നാൽ ചൊവ്വാഴ്ച കൗൺസിലർ സ്റ്റീവ് പാർസൺസ് മുൻപോട്ടുവെച്ച പ്രമേയം നേരിയ ഭൂരിപക്ഷത്തിൽ പാസാകുകയായിരുന്നു. മേയർ സിസിൽ ക്ലാർക്ക് രേഖപ്പെടുത്തിയ നിർണായക വോട്ടോടെ ഏഴിനെതിരെ എട്ടു വോട്ടുകൾക്കാണ് പ്രമേയം പാസായത്.
മറ്റൊരു കമ്പനിയെ കണ്ടെത്താനായി കൺസൾട്ടന്റ് വഴി ടെൻഡർ (RFP) നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കൗൺസിലിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. കൗൺസിലിലെ ചില അംഗങ്ങൾ ഇതിനെതിരെ കടുത്ത എതിർപ്പ് ഉയർത്തിയെങ്കിലും, നിലവിലെ പുതിയ നടപടികൾക്കൊപ്പം തന്നെ പഴയ കമ്പനിയുമായുള്ള ചർച്ചകളും മുന്നോട്ട് കൊണ്ടുപോകാം എന്നാണ് മേയറുടെ നിലപാട്.
ലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പരിചയസമ്പന്നരായ ഏജൻസിയെ പെട്ടെന്ന് ഒഴിവാക്കുന്നത് ശരിയല്ലെന്നാണ് കൗൺസിലിന്റെ വിശദീകരണം. എന്നാൽ നഗരസഭയുടെ ഈ നിലപാടുമാറ്റം വീണ്ടും വലിയ രീതിയിലുള്ളപാർലമെന്ററി ചർച്ചകൾക്കും വൻ വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





