ഒട്ടാവ: കാനഡയിൽ താമസിക്കുന്നവർക്ക് വലിയൊരു സാമ്പത്തിക ആശ്വാസവുമായി ഫെഡറൽ സർക്കാർ എത്തുന്നു. നിത്യോപയോഗ സാധനങ്ങൾക്കും പലചരക്കുകൾക്കുമായി നൽകിവന്നിരുന്ന പഴയ GST/HST ക്രെഡിറ്റിന് പകരമായി ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ (CGEB) എന്ന പുതിയ പദ്ധതി ജൂലൈ 3 മുതൽ നിലവിൽ വരികയാണ്. പഴയ പദ്ധതിയെ അപേക്ഷിച്ച് 25 ശതമാനം കൂടുതൽ ആനുകൂല്യം ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. 2031 വരെ ഈ ആനുകൂല്യം എല്ലാ അർഹരായവർക്കും ലഭിക്കും.

ഈ പദ്ധതിക്കായിക്കായി പ്രത്യേകം അപേക്ഷിക്കേണ്ട ആവശ്യമില്ല. 2025-ലെ ആദായനികുതി റിട്ടേൺ സമർപ്പിച്ചവരുടെ വിവരങ്ങൾ പരിശോധിച്ച് CRA (Canada Revenue Agency) നേരിട്ട് അർഹതപ്പെട്ട തുക ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കും. കുടുംബത്തിന്റെ വരുമാനവും അംഗങ്ങളുടെ എണ്ണവും അനുസരിച്ചായിരിക്കും ഓരോരുത്തർക്കും ലഭിക്കുന്ന തുകയിൽ മാറ്റം വരുന്നത്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരാൾക്ക് പരമാവധി 679 ഡോളറും, രണ്ട് കുട്ടികളുള്ള കുടുംബത്തിന് 1,358 ഡോളറും, നാല് കുട്ടികളുള്ള കുടുംബത്തിന് 1,826 ഡോളർ വരെയും വാർഷിക ആനുകൂല്യമായി ലഭിക്കും. ജൂലൈ 3, ഒക്ടോബർ 5, ജനുവരി 5, ഏപ്രിൽ 7 എന്നിങ്ങനെ വർഷത്തിൽ നാല് തവണയായി ഈ തുക അക്കൗണ്ടിലെത്തും.
നിങ്ങൾക്ക് ലഭിക്കാനുള്ള കൃത്യമായ തുക എത്രയാണെന്ന് അറിയാൻ ‘CRA My Account’-ൽ ലോഗിൻ ചെയ്ത് ‘Benefits and Credits’ എന്ന വിഭാഗം പരിശോധിക്കാവുന്നതാണ്. ബാങ്ക് അക്കൗണ്ടിൽ പണം എത്തുമ്പോൾ അത് ‘Canada Groceries and Essentials Benefit’ എന്നോ അല്ലെങ്കിൽ പഴയ പേരായ ‘GST/HST credit’ എന്നോ രേഖപ്പെടുത്തിയിട്ടുണ്ടാകാം. ഇന്റർനെറ്റിൽ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ചും വലിയ തുക ബോണസായി ലഭിക്കുമെന്നുള്ള അവാസ്തവമായ പ്രചരണങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കണമെന്ന് സി.ആർ.എ മുന്നറിയിപ്പ് നൽകുന്നുണ്ട്. നികുതി റിട്ടേൺ ഫയൽ ചെയ്യാൻ വൈകിയവർ എത്രയും വേഗം അത് പൂർത്തിയാക്കുക, കാരണം റിട്ടേൺ പ്രോസസ്സ് ചെയ്തുകഴിഞ്ഞാൽ മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ.
New Canada Groceries And Essentials Benefit Payment Coming On July 3




