ഒന്റാറിയോ: ഒന്റാറിയോയുടെ വടക്കൻ മേഖലകളിൽ പടർന്നുപിടിക്കുന്ന കാട്ടുതീ ജനജീവിതത്തെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. നിലവിൽ പ്രവിശ്യയിൽ 185 കാട്ടുതീ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമെന്നും അധികൃതർ അറിയിച്ചു.

നമയ്ഗൂസിസാഗഗുൻ ഫസ്റ്റ് നേഷൻ മേഖലയിൽ ഉണ്ടായ കാട്ടുതീയിൽ വീടുകളും കെട്ടിടങ്ങളും പൂർണ്ണമായും നശിച്ചു. റോഡ് മാർഗമില്ലാത്ത പ്രദേശമായതിനാൽ ബോട്ടുകളിലായിരുന്നു ഇവിടുത്തെ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് രക്ഷപ്പെട്ടത്. ആംസ്ട്രോങ് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ഒരു ട്രെയിൻ കാട്ടുതീയിൽപ്പെട്ട ദൃശ്യങ്ങൾ വലിയ ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും ട്രെയിനിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് സി.എൻ അധികൃതർ വ്യക്തമാക്കി.
കാട്ടുതീയിൽ നിന്നുള്ള പുക ടൊറന്റോ നഗരത്തെയും പൊതിഞ്ഞതോടെ വായുനിലവാരം അതീവ മോശമായിട്ടുണ്ട്. ആരോഗ്യത്തിന് വലിയ ഭീഷണിയുയർത്തുന്നതിനാൽ ആളുകൾ പരമാവധി പുറത്തിറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഹൈവേ 599, 527 എന്നിവയുടെ ഭാഗങ്ങൾ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, മേഖലയിൽ അതീവ സുരക്ഷയുടെ ഭാഗമായി ‘റെസ്ട്രിക്റ്റഡ് ഫയർ സോൺ’ പ്രഖ്യാപിച്ചു. ക്യാമ്പ് ഫയറുകൾ ഉൾപ്പെടെയുള്ള എല്ലാവിധ തീ കത്തിക്കലുകളും ഈ പ്രദേശങ്ങളിൽ നിരോധിച്ചു.
ഈ വർഷം ഇതുവരെ 453 കാട്ടുതീ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 10 വർഷത്തെ ശരാശരി കണക്കുകളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്ന നിരക്കാണ്. അഗ്നിശമന സേനാംഗങ്ങളുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കും, ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും മുൻഗണന നൽകിയാണ് നിലവിൽ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് വനം മന്ത്രാലയം വ്യക്തമാക്കി.
Nearly 200 wildfires burning in northern Ontario amid evacuations, highway closures
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





