വാൻകൂവർ : ബ്രിട്ടീഷ് കൊളംബിയയിൽ 34,000-ത്തോളം ഇടിമിന്നലുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നൂറോളം പ്രദേശങ്ങളിൽ കാട്ടുതീ പടർന്നുപിടിച്ചതായി ബി.സി. വൈൽഡ്ഫയർ സർവീസ് അറിയിച്ചു. പ്രദേശത്ത് ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരുകയാണ്. ഒകനാഗൻ വാലി, ഫ്രേസർ കാന്യോൺ, സൗത്ത് തോംസൺ, ഷൂസ്വാപ്പ്, വെസ്റ്റ് കൂട്ടിനെ, കിറ്റിമാറ്റ് ടെറസ്, സൺഷൈൻ കോസ്റ്റ് എന്നീ മേഖലകളിൽ വ്യാഴാഴ്ച വരെ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
നോർത്ത് ഈസ്റ്റ്, ഫ്രേസർ കാന്യോൺ, ഈസ്റ്റ് ആന്റ് വെസ്റ്റ് കൂട്ടിനെ മേഖലകളിൽ കാട്ടുതീയിൽ നിന്നുള്ള പുക മൂലം വായുനിലവാര മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റ് കൂട്ടിനെ നഗരമായ കിംബർലിയിലെ 9,000-ത്തോളം വരുന്ന നിവാസികൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്യു ക്രീക്ക്, ടവർ ക്രീക്ക് 2 കാട്ടുതീ ബാധിത പ്രദേശങ്ങളിൽ നിയന്ത്രണാതീതമായി പടരുകയാണെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി.
തോംസൺ നിക്കോള റീജിയണൽ ഡിസ്ട്രിക്റ്റിലെ ഫിഫ്റ്റിനൈൻ ക്രീക്ക്, ഫ്രെഞ്ച് ബാർ ക്രീക്ക് തീപിടുത്തങ്ങൾ യഥാക്രമം 130, 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നിട്ടുണ്ട്. ഇവിടെയുള്ള 240-ഓളം വസ്തുവകകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. 60-ലധികം കുടുംബങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.
മൈതാനങ്ങളിൽ അടക്കം കാട്ടുതീ പടർന്നതിനെ തുടർന്ന് ക്ലിന്റണിന് സമീപമുള്ള മെഡോ ലേക്ക് ഗസ്റ്റ് റാഞ്ചിൽ നിന്ന് ജീവനക്കാരും സന്ദർശകരും വളർത്തുമൃഗങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഫ്രേസർ വാലിയിലെ 200 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച ബ്രൺസ്വിക് കോംപ്ലക്സ് തീപിടുത്തം നിയന്ത്രണവിധേയമാക്കാൻ 250-ലധികം അഗ്നിശമന സേനാംഗങ്ങളും 23 ഹെലികോപ്റ്ററുകളും യന്ത്രസാമഗ്രികളും രംഗത്തുണ്ടെന്ന് ബി.സി. വൈൽഡ്ഫയർ സർവീസ് വ്യക്തമാക്കി.
Nearly 100 wildfires burn in British Columbia after thunderstorms; Severe heatwave warning issued
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





