സെന്റ് ജോൺസ്: നാട്ലോക്സൺ കിറ്റുകൾക്ക് 60 മുതൽ 70 ഡോളർ വരെ വില ഈടാക്കുന്നതിനെതിരെ ന്യൂഫൗണ്ട്ലൻഡിൽ പ്രതിഷേധം. മറ്റ് പ്രവിശ്യകളിൽ ഫാർമസികൾ വഴി സൗജന്യമായി ലഭിക്കുന്ന കിറ്റുകൾ ഇവിടെയും സൗജന്യമായി വിതരണം ചെയ്യണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം.
ലഹരിമരുന്നുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നാട്ലോക്സൺ കിറ്റുകൾ കൂടുതൽ പേരിലേക്ക് എത്തിക്കേണ്ടത് അനിവാര്യമാണെന്ന് മെമ്മോറിയൽ യൂണിവേഴ്സിറ്റിയിലെ ഡോ. ഫ്രാങ്കോയിസ് ഗിഗ്നേ പറഞ്ഞു. കൊക്കെയ്നിൽ ഫെന്റനൈൽ കലർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ഒക്ടോബർ 30ന് പ്രവിശ്യയിലെ സെന്റർ ഓൺ സബ്സ്റ്റൻസ് യൂസ് മുന്നറിയിപ്പ് നൽകിയിരുന്നു. ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചുള്ള അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് എത്തുന്നതുവരെ ജീവൻ രക്ഷിക്കാൻ നാട്ലോക്സൺ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
READ MORE: ബർത്ത് അലർട്ട്’ കേസ്; സസ്കാച്വാൻ സർക്കാരിന്റെ അപ്പീൽ കോടതി തള്ളി
പ്രവിശ്യയിൽ 174 നാട്ലോക്സൺ വിതരണ കേന്ദ്രങ്ങളുണ്ടെങ്കിലും ഫാർമസികൾ വഴി സൗജന്യമായി കിറ്റുകൾ ലഭ്യമല്ല. ഉയർന്ന വില പലർക്കും ഇവ വാങ്ങുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ഫാർമസി പ്രൊഫസർ ഡോ. ലിസ ബിഷപ്പ് പറഞ്ഞു.
നിലവിലെ നാട്ലോക്സൺ വിതരണ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രിയുടെ വക്താവ് ഖദീജ രെഹ്മ അറിയിച്ചു. അതേസമയം, സൗജന്യ വിതരണത്തിനായി മെമ്മോറിയൽ യൂണിവേഴ്സിറ്റി വിദ്യാർഥികൾ 250 ഒപ്പുകളുള്ള പെറ്റിഷൻ സർക്കാരിന് സമർപ്പിച്ചു. പി.സി, എൻ.ഡി.പി പാർട്ടികളും ആവശ്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





