ഓട്ടവ: യാത്രക്കാർക്ക് ആവശ്യമായ സഹായം നൽകുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് എയർ കാനഡയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കനേഡിയൻ കുടുംബം. യുഎസിലെ വ്യോമഗതാഗത തടസ്സത്തെത്തുടർന്ന് മടക്കവിമാനം റദ്ദായതോടെ മെക്സിക്കോയിൽ കുടുങ്ങിയ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. പകരം യാത്രാസൗകര്യം ഒരുക്കുന്നതിലും ആവശ്യമായ വിവരങ്ങൾ നൽകുന്നതിലും വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ന്യൂഫൗണ്ട്ലാൻഡ് ആന്റ് ലബ്രഡോറിലെ കൺസെപ്ഷൻ ബേ സൗത്ത് സ്വദേശിനിയായ ലൗറ മേസണും കുടുംബവുമാണ് മെക്സിക്കോയിലെ പ്ലയ ഡെൽ കാർമെനിൽ കുടുങ്ങിയത്. നവംബർ 13-ന് മടക്കയാത്രയ്ക്കായി എയർ കാനഡ വിമാനത്തിൽ കയറിയ കുടുംബത്തിന് രണ്ട് മണിക്കൂറോളം കാത്തിരുന്ന ശേഷമാണ് സർവീസ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചത്.
തുടർന്ന് വിമാനത്തിൽനിന്ന് പുറത്തിറക്കിയെങ്കിലും പകരം യാത്രാസൗകര്യത്തെക്കുറിച്ച് എയർ കാനഡ ജീവനക്കാരിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് ലൗറ ആരോപിച്ചു. അതേ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് പുതിയ ടിക്കറ്റ് ലഭിച്ചിട്ടും കുടുംബത്തിന്റെ യാത്ര റീബുക്ക് ചെയ്തിരുന്നില്ല. ആറ് മണിക്കൂറോളം ഫോണിൽ കാത്തിരുന്ന ശേഷമാണ് നവംബർ 16-ലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. ഇതിനിടെ ഹോട്ടലിൽ താമസിച്ചതിന്റെ ചെലവും കുടുംബം തന്നെ വഹിക്കേണ്ടിവന്നു.
യുഎസിലെ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലുണ്ടായ ആശയവിനിമയ തകരാറിനെത്തുടർന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) വിമാനങ്ങൾക്ക് ഗ്രൗണ്ട് സ്റ്റോപ്പ് ഏർപ്പെടുത്തിയിരുന്നു. നാല് മണിക്കൂറിനുള്ളിൽ തകരാർ പരിഹരിച്ചെങ്കിലും മുൻകരുതലിന്റെ ഭാഗമായി യുഎസിന് മുകളിലൂടെ സർവീസ് നടത്തുന്ന വിമാനങ്ങൾ കനേഡിയൻ എയർലൈനുകൾ റദ്ദാക്കി. ഇതാണ് മെക്സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ മടക്കയാത്രയെ ബാധിച്ചത്.
നിയന്ത്രണാതീതമായ സാഹചര്യങ്ങളിൽ വിമാനങ്ങൾ റദ്ദാക്കിയാൽ 48 മണിക്കൂറിനുള്ളിൽ യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യം ഒരുക്കാൻ എയർലൈനുകൾ ബാധ്യസ്ഥരാണെന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഏവിയേഷൻ മാനേജ്മെന്റ് വിദഗ്ധൻ ജോൺ ഗ്രാഡെക് പറഞ്ഞു. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് നൽകാൻ നിയമപരമായ ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ എത്രയും വേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എയർ കാനഡ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





