ന്യൂഡൽഹി: ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപമുള്ള സത്യാനികേതനിൽ അഞ്ചുനില ഹോസ്റ്റൽ കെട്ടിടം നിലംപതിച്ചുണ്ടായ വൻ അപകടത്തിൽ രണ്ടു മരണം. ‘ഹോസ്റ്റൽ ഡേസ്’ എന്ന 40–50 വർഷം പഴക്കമുള്ള കെട്ടിടമാണ് പൂർണ്ണമായും തകർന്നുവീണത്. അപകട സമയത്ത് 30 മുതൽ 60 ഓളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം. സംഭവസ്ഥലത്ത് വൻ രക്ഷാപ്രവർത്തക സംഘവും ദുരന്തനിവാരണ സേനയും എത്തി തിരച്ചിൽ തുടരുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇപ്പോഴും നിലവിളികൾ കേൾക്കുന്നുണ്ടെന്നും പ്രദേശത്ത് പരിശോധന ഊർജിതമായി നടക്കുകയാണെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ചിലരുമായി ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്ന് സൗത്ത് വെസ്റ്റ് ഡൽഹി എംഎൽഎ അനിൽ ശർമ വ്യക്തമാക്കി. ഡൽഹി സർവകലാശാലയിലെ ആൺകുട്ടികളാണ് ഈ ഹോസ്റ്റലിൽ താമസിച്ചിരുന്നത്.
Also Read : റഷ്യയ്ക്ക് പിന്നാലെ ഉക്രെയ്ൻ; പുടിനുമായി ചർച്ച നടത്തി യുഎസ് സംഘം കീവിലേക്ക്
ഞായറാഴ്ചയായതിനാലും പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതിനാലും ഭൂരിഭാഗം വിദ്യാർഥികളും അപകടസമയത്ത് മുറികൾക്കുള്ളിൽ തന്നെയായിരുന്നുവെന്ന് സഹപാഠികളെ തിരക്കി എയിംസിലെത്തിയ ഗർവ് വസിഷ്ഠ് എന്ന വിദ്യാർഥി പറഞ്ഞു. ഒരു ഭൂകമ്പം ഉണ്ടാകുന്നതിന് സമാനമായ വൻ ശബ്ദത്തോടെയാണ് കെട്ടിടം തകർന്നുവീണതെന്നും ‘രക്ഷിക്കണേ’ എന്ന കരച്ചിലുകൾ കേട്ടിരുന്നതായും പ്രദേശവാസികൾ വെളിപ്പെടുത്തി.
അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഡൽഹി എയിംസ് ആശുപത്രിയിലെ ട്രോമാ വിഭാഗത്തിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കുകയും അവധിയിലുള്ള മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അടിയന്തരമായി തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ എയിംസിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









