മോൺട്രിയൽ: കരിഞ്ചന്തയിലും ഓൺലൈൻ വഴിയും അനധികൃതമായി വിൽക്കുന്ന വ്യാജ മരുന്നുകളിലും ലഹരിപദാർത്ഥങ്ങളിലും മാരകമായ ഓപിയോയിഡുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മോൺട്രിയൽ പൊതുജനാരോഗ്യ വിഭാഗം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വ്യാജ ഹൈഡ്രോമോർഫോൺ, ഓക്സികോഡോൺ ഗുളികകളിൽ ‘എറ്റോഡെസിട്രാമൈഡ്’ (Etodezitramide) എന്ന നിയമവിരുദ്ധ സിന്തറ്റിക് ഓപിയോയിഡ് ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു.
വെള്ള നിറത്തിലുള്ള ഡിലോഡിഡ് 8, പച്ച നിറത്തിലുള്ള ഓക്സികോഡോൺ 80, നീല നിറത്തിലുള്ള ഓക്സികോഡോൺ M30, നീല പെർക്കോസെറ്റ് എന്നിവയുടെ വ്യാജ ഗുളികകളിലാണ് ഈ രാസവസ്തു കണ്ടെത്തിയത്. യഥാർത്ഥ ഗുളികകളുടേതിന് സമാനമായ രൂപവും ഭാരവുമാണ് ഇവയ്ക്കുള്ളതെന്നും, മരുന്നായി ഉപയോഗിക്കാൻ കഴിയാത്ത ഈ രാസവസ്തുവിനെക്കുറിച്ച് വളരെ കുറഞ്ഞ വിവരങ്ങൾ മാത്രമേ ലഭ്യമായിട്ടുള്ളൂവെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
ഇതിന് പുറമെ, ഓൺലൈനിൽ ‘ടൂസി’ എന്ന പേരിൽ വിൽക്കുന്ന പിങ്ക് നിറത്തിലുള്ള പൊടിയിൽ മാരക വിഷാംശമുള്ള ഫെന്റനൈൽ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ മിശ്രിതം കണ്ടെത്തിയിട്ടുണ്ട്. ഫെന്റനൈലിന് പുറമെ 4-ANPP, കെറ്റാമൈൻ, എംഡിഎംഎ, മെത്താംഫെറ്റാമൈൻ എന്നിവയും ഈ പൊടിയിൽ അടങ്ങിയിട്ടുണ്ട്. സാധാരണയായി ‘ടൂസി’ മിശ്രിതങ്ങളിൽ ഫെന്റനൈൽ കാണപ്പെടാറില്ലെന്നും, ചെറിയ അളവിൽ പോലും ഉള്ളിൽ ചെന്നാൽ മരണത്തിന് കാരണമാകാവുന്ന വിഷവസ്തുവാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് അമിതമായ ലഹരിഉപയോഗത്തിനും മരണത്തിനും ഇടയാക്കുമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിക്കുന്നു.
Read more : കാനഡ വർക്ക് പെർമിറ്റിൽ നിർണായക മാറ്റങ്ങൾ: മൂന്ന് LMIA ഇളവുകൾ പ്രാബല്യത്തിൽ
അബോധാവസ്ഥ, ശബ്ദത്തോടോ വേദനയോടോ പ്രതികരിക്കാതിരിക്കുക, ശ്വാസതടസ്സം എന്നിവയാണ് അമിത ലഹരിബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 911-ൽ വിളിച്ച് സഹായം തേടണമെന്നും, ലഭ്യമാണെങ്കിൽ ‘നലോക്സോൺ’നൽകണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഇതുവരെ ഈ ഉൽപ്പന്നങ്ങൾ മൂലമുള്ള അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





