പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്ത നടപടിയിൽ പാർലമെന്ററി ഐടി സമിതിക്ക് മുന്നിൽ ഖേദം പ്രകടിപ്പിച്ച് മെറ്റാ അധികൃതർ. സാങ്കേതിക പിഴവ് മൂലമാണ് വീഡിയോ തടസ്സപ്പെട്ടതെന്നാണ് മെറ്റാ യോഗത്തിൽ വിശദീകരിച്ചത്. എന്നാൽ അഞ്ച് മണിക്കൂറോളം വീഡിയോ ലഭ്യമാകാതിരുന്ന വിഷയം കേവലം ഒരു ഉദ്യോഗസ്ഥന്റെ ഖേദപ്രകടനത്തിൽ ഒതുക്കാനാകില്ലെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി വ്യക്തമാക്കി.
സംഭവത്തിൽ മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ് തന്നെ നേരിട്ട് മാപ്പ് പറയണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. സക്കർബർഗ് മാപ്പ് പറഞ്ഞില്ലെങ്കിൽ ഐടി നിയമത്തിലെ ‘സേഫ് ഹാർബർ’ പരിരക്ഷ മെറ്റയ്ക്ക് നൽകുന്നത് പിൻവലിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഈ വിഷയം പാർലമെന്റിൽ വിശദമായി ചർച്ച ചെയ്യണമെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. സർക്കാറിനെതിരായ വിമർശനങ്ങളെ രാജ്യത്തിനെതിരായ നീക്കമായി കണക്കാക്കരുതെന്ന് അവർ ചൂണ്ടിക്കാട്ടി. വിവിധ സമരങ്ങളിൽ പങ്കെടുത്തവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികളിൽ ആശങ്ക അറിയിച്ച പ്രതിപക്ഷം, ജനാധിപത്യപരമായ വിയോജിപ്പുകൾക്ക് സമൂഹമാധ്യമങ്ങളിൽ ഇടം വേണമെന്നും യോഗത്തിൽ വാദിച്ചു.
Modi video removal incident: Meta expresses regret; BJP demands apology from Zuckerberg
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




