നാന്റക്കറ്റ്: ഒന്റാറിയോ ആസ്ഥാനമായ എയർ ആംബുലൻസ് വിമാനം കാണാതായ സംഭവത്തിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മസാച്യുസെറ്റ്സിലെ നാന്റക്കറ്റിന് സമീപമുള്ള കടലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന ആറുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ഹാമിൽട്ടൺ ആസ്ഥാനമായ ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസിന്റെ ഗൾഫ്‌സ്ട്രീം ജി100 വിമാനമാണ് കാണാതായത്. ബെർമുഡയിലെ എൽ.എഫ്. വേഡ് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ബോസ്റ്റൺ ലോഗൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
വിമാനത്തിലുണ്ടായിരുന്നത് നാല് കാനഡക്കാരും രണ്ട് ബെർമുഡ സ്വദേശികളുമാണ്. രണ്ട് പൈലറ്റുമാരും രണ്ട് മെഡിക്കൽ ജീവനക്കാരുമാണ് കാനഡക്കാർ. ബെർമുഡ സ്വദേശികളായ രോഗിയും ഒപ്പമുണ്ടായിരുന്ന കുടുംബാംഗവുമാണ് മറ്റ് രണ്ടുപേർ. വിമാനത്തിലുണ്ടായിരുന്ന ആരെയെങ്കിലും കണ്ടെത്തിയതായി അധികൃതർ ഇതുവരെ അറിയിച്ചിട്ടില്ല.
ബന്ധം നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനത്തിലെ ജീവനക്കാർ അടിയന്തര സാഹചര്യം അറിയിച്ചിരുന്നതായാണ് റിപ്പോർട്ട്. വിമാനത്തിന്റെ ഉയരം 24,000 അടിയിൽനിന്ന് 11,000 അടിയിലേക്ക് പെട്ടെന്ന് താഴ്ന്നതിന് പിന്നാലെയാണ് ബന്ധം നഷ്ടപ്പെട്ടത്. അടിയന്തര സാഹചര്യം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല.
Also Read: അമേരിക്കൻ ഭീഷണി ചെറുക്കാൻ അടിയന്തര മുൻകരുതലുമായി കാനഡ; ചർച്ചയായി പ്രതിരോധ തന്ത്രങ്ങൾ
യുഎസ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ വിമാനങ്ങളും ഹെലികോപ്റ്ററും രക്ഷാപ്രവർത്തന ബോട്ടും ഉൾപ്പെടെയുള്ള സംഘങ്ങൾ തിരച്ചിൽ നടത്തുകയാണ്. കാനഡ അധികൃതരും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. വിമാനത്തിലുണ്ടായിരുന്ന ആറുപേരെയും സുരക്ഷിതമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവരുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





