ഒട്ടാവ: കാനഡയിലെ സാധാരണക്കാരുടെ നിത്യോപയോഗ സാധനങ്ങളിൽ പ്രധാനമായ പാലിന് രാജ്യവ്യാപകമായി വില വർധിക്കുന്നു. ഫീൽഡ് ഏജന്റ് കാനഡ പുറത്തുവിട്ട ‘2026 കനേഡിയൻ മിൽക്ക് റിപ്പോർട്ട്’ പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെ പാലിന് 5.5 ശതമാനം വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 20 പ്രധാന വിപണികളിലായി 185 റീട്ടെയിൽ സ്ഥാപനങ്ങളിൽ മാർച്ച് 1 മുതൽ 27 വരെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
റിപ്പോർട്ട് പ്രകാരം കാനഡയിൽ ഏറ്റവും ഉയർന്ന പാൽ വില രേഖപ്പെടുത്തിയിരിക്കുന്നത് പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ ചാർലറ്റൗണിലാണ്. ഇവിടെ ഒരു ലിറ്റർ പാലിന് 2.31 ഡോളറാണ് (ഏകദേശം 192 രൂപ) വില. കഴിഞ്ഞ റിപ്പോർട്ടിനെ അപേക്ഷിച്ച് ഇവിടെ മാത്രം 10 ശതമാനം വർധനവുണ്ടായി. അതേസമയം, സസ്കാച്ചുവാനിലെ റെജീനയിലും ഒന്റാറിയോയിലെ ലണ്ടനിലുമാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്; ലിറ്ററിന് 1.60 ഡോളർ. ഒരേ ഉൽപ്പന്നത്തിന് തന്നെ വിവിധ നഗരങ്ങളിൽ വലിയ വിലവ്യത്യാസമാണ് നിലനിൽക്കുന്നത്.
വാങ്ങുന്ന ഇടം മാറുന്നതിനനുസരിച്ച് ചില കനേഡിയൻ ഉപഭോക്താക്കൾ മറ്റുള്ളവരേക്കാൾ രണ്ടര ഇരട്ടി വരെ അധികം തുക പാലിനായി നൽകേണ്ടി വരുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, ലണ്ടനിലെ ഒരു പ്രമുഖ ഡ്രഗ് മാർട്ട് ശൃംഖലയിൽ രണ്ട് ലിറ്റർ പാലിന് 6.99 ഡോളർ ഈടാക്കുമ്പോൾ, മറ്റ് വിപണികളിൽ ഇതിലും കുറഞ്ഞ നിരക്കിൽ പാൽ ലഭ്യമാണ്. അറ്റ്‌ലാന്റിക് കാനഡയിലെ ഡയറി വ്യവസായത്തിലെ പോരായ്മകളും ക്യൂബെക്കിലെ ഡയറി ഇൻഡസ്ട്രി ലോബിയുടെ ശക്തമായ സ്വാധീനവുമാണ് ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ കാരണമാകുന്നതെന്ന് റിപ്പോർട്ടിൽ വിമർശനമുണ്ട്.
അയൽരാജ്യമായ അമേരിക്കയുമായി താരതമ്യം ചെയ്യുമ്പോൾ കാനഡയിൽ പാലിന് 27 ശതമാനം അധികം വിലയാണ് ഈടാക്കുന്നത്. 2024-ൽ കാനഡയിലെ പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമായിരുന്നെങ്കിലും, കാലിത്തീറ്റയുടെ വിലക്കയറ്റവും തൊഴിൽ ചെലവ് വർധിച്ചതും പാൽ ഉൽപ്പാദകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന്റെ പ്രതിഫലനമാണ് നിലവിലെ വിലവർധനവ്. ഉൽപ്പാദന ചെലവ് വർധിക്കുന്നത് തുടർന്നാൽ വരും മാസങ്ങളിലും പാലിന് വില ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.
Milk prices soar in Canada; Ordinary people are in the dark, prices hit record in PEI
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



