വൻകൂവർ: മെട്രോ വൻകൂവറിലെ ബസ് ഡ്രൈവർമാർ ഉൾപ്പെടെയുള്ള ട്രാൻസിറ്റ് ജീവനക്കാരുമായി കോസ്റ്റ് മൗണ്ടൻ ബസ് കമ്പനി താൽക്കാലിക വേതന-സേവന കരാറിൽ ധാരണയിലെത്തി. മാസങ്ങൾ നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ശനിയാഴ്ച നടന്ന മധ്യസ്ഥ ചർച്ചയിൽ ഇരു വിഭാഗവും പുതിയ കരാർ അംഗീകരിച്ചത്. ബസ് ഡ്രൈവർമാർ, സീബസ് ജീവനക്കാർ എന്നിവരെ പ്രതിനിധീകരിക്കുന്ന യൂണിഫോർ ലോക്കൽ 111, 2200 യൂണിയനുകളുമായാണ് മാനേജ്മെന്റ് കരാറുണ്ടാക്കിയത്. പുതിയ ധാരണയോടെ വൻകൂവറിൽ പ്രഖ്യാപിച്ചിരുന്ന പൊതുഗതാഗത പണിമുടക്ക് ഭീഷണി താത്കാലികമായി ഒഴിവായിട്ടുണ്ട്.
തൊഴിലാളികളുടെ വിശ്രമ സമയം, സർവീസ് സമയക്രമം എന്നിവയിലാണ് പ്രധാനമായും ധാരണയായിട്ടുള്ളത്. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ‘റിക്കവറി ടൈം’ കൃത്യമായി നൽകാൻ മാനേജ്മെന്റ് സമ്മതിച്ചു. മറ്റ് പൊതുമേഖലാ യൂണിയനുകളുടെ കരാറുകൾക്ക് സമാനമായ വ്യവസ്ഥകളാണ് ഇതിലും ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ താൽക്കാലിക കരാറിന്റെ പൂർണ്ണ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. യൂണിയൻ അംഗങ്ങൾ വോട്ടെടുപ്പിലൂടെ ഔദ്യോഗികമായി അംഗീകരിച്ച ശേഷമായിരിക്കും കരാർ അന്തിമമായി നടപ്പിലാക്കുക.
Also Read : പൊതുസ്ഥാപനങ്ങളിൽ പ്രാർഥനയ്ക്ക് വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം പ്രാബല്യത്തിൽ
കഴിഞ്ഞ ഫെബ്രുവരിയിലാണ് ജീവനക്കാരും കമ്പനിയും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ യൂണിഫോം ഉപേക്ഷിച്ചും അധിക സമയം ജോലി ചെയ്യാതെയും സമരം തുടങ്ങിയിരുന്നു. മേയിൽ നടന്ന വോട്ടെടുപ്പിൽ 99 ശതമാനം ജീവനക്കാരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. തുടർന്നാണ് ശനിയാഴ്ച ഇരുവിഭാഗവും വീണ്ടും ചർച്ച നടത്താനും പ്രശ്നം പരിഹരിക്കാനും തീരുമാനിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









