നാൻറ്റക്കറ്റ്: അമേരിക്കയിലെ നാൻറ്റക്കറ്റ് തീരത്തിന് സമീപം കാണാതായ മെഡിക്കൽ ട്രാൻസ്പോർട്ട് ജെറ്റ് വിമാനത്തിലുണ്ടായിരുന്ന ആറുപേരും മരിച്ചതായി അധികൃതർ അറിയിച്ചു. ഒന്റാരിയോ ആസ്ഥാനമായ ലാറ്റിറ്റ്യൂഡ് എയർ ആംബുലൻസ് കമ്പനിയുടെ ഗൾഫ്സ്ട്രീം G100 വിമാനത്തിനായുള്ള തിരച്ചിൽ യു.എസ്. കോസ്റ്റ് ഗാർഡ് അവസാനിപ്പിച്ചതോടെയാണിത്. നാല് ജീവനക്കാരും ഒരു രോഗിയും കൂടെയുള്ള ആളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് രോഗിയുമായി പോവുകയായിരുന്ന വിമാനം ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് റഡാറിൽ നിന്ന് കാണാതായത്. 66 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ കടലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. തുടർന്ന് രക്ഷാപ്രവർത്തനം അവസാനിപ്പിച്ച് അവശിഷ്ടങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളിലേക്ക് കോസ്റ്റ് ഗാർഡ് കടന്നു.
നാല് കാനഡക്കാരും രണ്ട് ബെർമുഡ സ്വദേശികളുമാണ് അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്. ജീവനക്കാരെയും യാത്രക്കാരെയും ജീവനോടെ കണ്ടെത്താൻ ഇനി സാധ്യതയില്ലെന്ന് വിമാനം ഓപ്പറേറ്റ് ചെയ്ത കമ്പനി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെങ്കിലും പേരുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
വിമാനവുമായുള്ള ബന്ധം വേർപെട്ടതിന് പിന്നാലെ വൻ തിരച്ചിലാണ് കോസ്റ്റ് ഗാർഡ് നടത്തിയത്. ഹെലികോപ്റ്ററുകളും കപ്പലുകളും ഉപയോഗിച്ച് 4,445 ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള കടൽപ്രദേശം പരിശോധിച്ചു. അപകടം നടന്ന മേഖലയിൽ കടലിന് 80 മുതൽ 90 അടി വരെ ആഴമുണ്ട്.
വിമാനത്തിന്റെ കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി പ്രത്യേക സോണാർ ബോട്ടുകൾ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മസാച്യുസെറ്റ്സ് പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചാണ് ഈ പരിശോധന പുരോഗമിക്കുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾക്ക് കോസ്റ്റ് ഗാർഡും കമ്പനിയും അനുശോചനം അറിയിച്ചു.
Also Read: ആശ്വാസം താൽക്കാലികം! G7 പ്രഖ്യാപിച്ച അടിയന്തര ഇന്ധനം വിപണിയിലേക്ക്; പക്ഷെ വില കുറയില്ല
അപകടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അമേരിക്കയിലെയും കാനഡയിലെയും വ്യോമയാന അന്വേഷണ ഏജൻസികൾ പരിശോധന തുടങ്ങി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് എയർ ആംബുലൻസ് കമ്പനി വ്യക്തമാക്കി. തൽക്കാലം അപകടകാരണത്തെക്കുറിച്ച് ഊഹാപോഹങ്ങൾക്കില്ലെന്നും കൃത്യമായ അന്വേഷണത്തിലൂടെ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നും അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





