ഓട്ടവ: കാനഡയിൽ 50 വയസ്സിന് മുകളിലുള്ളവർക്ക് ഷിംഗിൾസ് രോഗസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി ഷിംഗ്രിക്സ് വാക്സീൻ നൽകുന്നുണ്ട്. എന്നാൽ ഈ വാക്സീൻ സൗജന്യമായി ലഭിക്കുന്നത് വ്യക്തികൾ താമസിക്കുന്ന പ്രവിശ്യകളെയും അവരുടെ പ്രായത്തെയും അടിസ്ഥാനമാക്കിയാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നു. രോഗപ്രതിരോധശേഷി കുറഞ്ഞവർക്കും അർഹരായ പ്രായപരിധിയിലുള്ളവർക്കും പ്രാദേശിക ഭരണകൂടങ്ങൾ മുഖേനയാണ് വാക്സീൻ സൗജന്യമായി നൽകുന്നത്.
മുതിർന്നവർ പ്രതിരോധശേഷി ഉറപ്പാക്കാൻ ഷിംഗ്രിക്സ് വാക്സീന്റെ രണ്ട് ഡോസുകൾ നിർബന്ധമായും സ്വീകരിക്കണമെന്ന് നാഷണൽ അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്യൂണൈസേഷൻ (നാസി) നിർദേശിക്കുന്നു. ആദ്യ ഡോസ് എടുത്ത് രണ്ട് മുതൽ ആറ് മാസത്തിനകം രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. മുൻപ് ഷിംഗിൾസ് രോഗം വന്നവർക്കും 18 വയസ്സിന് മുകളിലുള്ള പ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്കും വാക്സീൻ നൽകാൻ പ്രത്യേക നിർദേശമുണ്ട്.
പ്രിൻസ് എഡ്വേർഡ് ഐലൻഡ്, ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ എന്നിവിടങ്ങളിൽ 50 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ സൗജന്യമാണ്. നോവ സ്കോഷ്യ, യൂക്കോൺ എന്നിവിടങ്ങളിൽ 65 വയസ്സിന് മുകളിലുള്ളവർക്കാണ് സൗജന്യ ആനുകൂല്യം. ഒന്റാറിയോയിൽ 65 മുതൽ 70 വരെ പ്രായമുള്ളവർക്കും ക്യുബെക്കിൽ 71 വയസ്സിന് മുകളിലുള്ളവർക്കും വാക്സീൻ സൗജന്യമായി നൽകിവരുന്നു.
ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ തുടങ്ങി ചില പ്രവിശ്യകളിൽ ആരോഗ്യമുള്ള മുതിർന്നവർക്ക് വാക്സീൻ സൗജന്യമല്ല. എന്നാൽ അവയവമാറ്റ ശസ്ത്രക്രിയ, സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്, CAR-T ചികിത്സ എന്നിവ നടത്തിയ പ്രതിരോധശേഷി കുറഞ്ഞ രോഗികൾക്ക് പ്രത്യേക പരിഗണന നൽകി സൗജന്യ വാക്സീൻ ലഭ്യമാക്കുന്നുണ്ട്.
Also Read: ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ
സൗജന്യ വാക്സീന് അർഹതയില്ലാത്തവർ സ്വന്തം ചെലവിൽ വാക്സീൻ എടുക്കേണ്ടതുണ്ട്. സ്വകാര്യ ഇൻഷുറൻസ് പദ്ധതികൾ ഉള്ളവർക്ക് വാക്സീൻ തുക തിരികെ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാരുമായോ ഫാർമസികളുമായോ ബന്ധപ്പെടണം. രണ്ട് ഡോസുകളും കൃത്യമായി പൂർത്തിയാക്കാൻ ആദ്യ ഡോസ് എടുത്ത വിവരങ്ങൾ സൂക്ഷിക്കണമെന്നും പ്രാദേശിക മാർഗ്ഗനിർദേശങ്ങൾ പരിശോധിക്കണമെന്നും ആരോഗ്യ അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





