ഓട്ടവ:ഇന്ത്യയും കാനഡയും തമ്മിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5-ന് ഓട്ടവയിൽ ആരംഭിക്കും. ഈ വർഷാവസാനത്തോടെ കരാർ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ചർച്ചകൾ ഒക്ടോബർ 9 വരെ തുടരും. ഇതിന് മുൻപത്തെ നാലാം ഘട്ട ചർച്ചകൾ സെപ്റ്റംബർ 18-ന് ന്യൂഡൽഹിയിൽ വെച്ചാണ് പൂർത്തിയായത്.
വരുന്ന ഡിസംബറോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിച്ചേക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. കൂടാതെ കനേഡിയൻ ട്രേഡ് മിനിസ്റ്റർ മനീന്ദർ സിദ്ധു മുന്നൂംഗ ബിസിനസ് പ്രതിനിധി സംഘത്തോടൊപ്പം ഈ മാസം അവസാനം ന്യൂഡൽഹി സന്ദർശിക്കും. സിദ്ധുവും ഇന്ത്യൻ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും കഴിഞ്ഞ മാസം മുംബൈയിൽ കൂടിക്കാഴ്ച നടത്തി ചർച്ചകളുടെ പുരോഗതി വിലയിരുത്തിയിരുന്നു.
രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനായി കസ്റ്റംസ് തീരുവ പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കുന്ന സമഗ്ര കരാറാണ് CEPA. ചരക്ക് സേവന വിപണി എളുപ്പമാക്കുന്നതിനൊപ്പം വിദഗ്ദ്ധ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും യാത്ര സുഗമമാക്കാനും ഉഭയകക്ഷി നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും ഈ കരാർ വഴിയൊരുക്കും.
ഇന്ത്യയും കാനഡയും ആദ്യമായി 2015-ലാണ് CEPA ചർച്ചകൾ ആരംഭിക്കുന്നത്. 2015 നും 2017 നും ഇടയിൽ അര ഡസനിലധികം ചർച്ചകൾ നടന്നുവെങ്കിലും പിന്നീട് അത് താത്കാലികമായി നിർത്തിവെച്ചു. തുടർന്ന് 2022 മാർച്ച് മാസത്തിൽ ‘ഏർളി പ്രോഗ്രസ് ട്രേഡ് അഗ്രിമെന്റ്’ എന്ന പേരിൽ ഒരു ഇടക്കാല കരാറിനായി ചർച്ചകൾ പുനരാരംഭിച്ചു. എന്നാൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ബന്ധം വഷളാവുകയും 2023-ൽ ചർച്ചകൾ വീണ്ടും നിലയ്ക്കുകയുമായിരുന്നു. ട്രൂഡോയുടെ ആരോപണം ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.
പിന്നീട് 2025 ജൂണിൽ കാനഡയിലെ കനനാസ്കിസിൽ നടന്ന ജി7 ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി മോദിയും മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയാണ് ഉഭയകക്ഷി ബന്ധത്തിൽ വഴിത്തിരിവായത്. തുടർന്ന് 2025 നവംബറിലാണ് നിർത്തിവെച്ച ഔദ്യോഗിക ചർച്ചകൾ വീണ്ടും പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്.
വ്യാപാര കണക്കുകൾ പരിശോധിച്ചാൽ, 2024-25 സാമ്പത്തിക വർഷത്തിലെ 8.7 ബില്യൺ ഡോളറിൽ നിന്ന് 2025-26 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് വ്യാപാരം 8.23 ശതമാനം കുറഞ്ഞ് 7.95 ബില്യൺ ഡോളറിലെത്തി. ഇതിൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 10.63 ശതമാനം വർധിച്ച് 4.67 ബില്യൺ ഡോളറായപ്പോൾ, കാനഡയിൽ നിന്നുള്ള ഇറക്കുമതി 26.14 ശതമാനം കുറഞ്ഞ് 3.28 ബില്യൺ ഡോളറായി.
മരുന്നുകൾ, ഇരുമ്പ്, ഉരുക്ക്, സമുദ്രവിഭവങ്ങൾ, കോട്ടൺ വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ എന്നിവയാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതികൾ. ടെലികമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ-ഇൻഫർമേഷൻ സർവീസുകൾ എന്നിവയാണ് സേവന മേഖലയിലെ കയറ്റുമതികൾ. കാനഡയിൽ നിന്ന് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് പരിപ്പ് വർഗ്ഗങ്ങൾ, മുത്തുകളും രത്നക്കല്ലുകളും, കൽക്കരി, വളങ്ങൾ, പേപ്പർ, ക്രൂഡ് പെട്രോളിയം എന്നിവയാണ്.
ALSO READ: ഐഐഎച്ച്എഫ് പ്രസിഡന്റായി ഫ്രാന്സ് റെയിന്ഡല്; കൗണ്സിലില് കാനഡയ്ക്ക് സീറ്റില്ല
ഇതുകൂടാതെ, 2000 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ കാനഡ ഇന്ത്യയിൽ 4.8 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപവും (FDI) നടത്തിയിട്ടുണ്ട്. നിലവിൽ 2.9 ദശലക്ഷത്തോളം ഇന്ത്യൻ വംശജരും 4.27 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളും കാനഡയിലുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
India-Canada Comprehensive Economic Agreement: Fifth round of talks to begin soon





