ഓട്ടവ: അമേരിക്കയുമായുള്ള വ്യാപാര ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ലോക രാജ്യങ്ങളുമായി സാമ്പത്തിക ബന്ധം ശക്തമാക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി തീവ്രശ്രമങ്ങൾ ആരംഭിച്ചു. യു.എസിനെ മാത്രം ആശ്രയിക്കുന്നതിന് പകരം മറ്റ് വിപണികളിലേക്ക് വ്യാപാരം വിപുലീകരിക്കാനും പുതിയ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുമാണ് ഫെഡറൽ ഗവൺമെന്റിന്റെ നീക്കം. ഇതിന്റെ ഭാഗമായി കാനഡയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മിൽ തന്ത്രപ്രധാനമായ ഒരു പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടു. വെറും 47 ദിവസത്തിനുള്ളിൽ സാമ്പത്തിക കരാർ പൂർത്തിയാക്കിയത് കനേഡിയൻ ഭരണസംവിധാനത്തിലെ തന്നെ ഒരു പുതിയ റെക്കോർഡാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം കാനഡയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർക്ക് കാർണിയുടെ മുന്നേറ്റം. വരാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ ഇത് സംബന്ധിച്ച പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. ഇതിനോടകം തന്നെ തുർക്കിയെ സന്ദർശനവും, അബുദാബി കിരീടാവകാശിയുടെ കാനഡ സന്ദർശനവും, മോൺട്രിയലിൽ നടന്ന കാനഡ-ഇ.യു ഉച്ചകോടിയും പൂർത്തിയായിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ആന്റിഗ്വ ആൻഡ് ബാർബുഡ, ഫിലിപ്പീൻസിൽ നടക്കുന്ന ആസിയാൻ ഉച്ചകോടി, ചൈനയിലെ ആപെക് ഉച്ചകോടി എന്നിവയിൽ കാർണി പങ്കെടുക്കും.
കൂടാതെ, ഡിസംബർ 11, 12 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കാനിരിക്കുകയാണ്. മോദിയുടെ സന്ദർശനത്തിന് മുൻപ് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തുമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് കെ. പട്നായിക് പ്രത്യാശ പ്രകടിപ്പിച്ചു. കരാറിന്റെ ഭൂരിഭാഗം ഭാഗങ്ങളും പൂർത്തിയായതായും ചില നിയമപരമായ പരിശോധനകൾ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: ഇന്ത്യ-കാനഡ ബന്ധം പുതിയ ഘട്ടത്തിലേക്ക്: വിദേശകാര്യമന്ത്രിമാർ പ്രത്യേക കൂടിക്കാഴ്ച നടത്തി
അതേസമയം, സർക്കാരിന്റെ ഈ നയതന്ത്ര ഓട്ടത്തിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ് രംഗത്തെത്തി. അന്താരാഷ്ട്ര ഉച്ചകോടികളും ചിത്രമെടുക്കലുകളും മാത്രമാണ് നടക്കുന്നതെന്നും കനേഡിയൻ ജനതയ്ക്ക് പ്രയോജനപ്പെടുന്ന യഥാർത്ഥ ഫലങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പാർലമെന്റിൽ ആരോപിച്ചു. അന്താരാഷ്ട്ര വ്യാപാര വിദഗ്ദ്ധനായ സ്റ്റുവർട്ട് ട്രൂവും കരാറുകളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്തിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





