ഓട്ടവ : യൂറോപ്യൻ യൂണിയനിൽ (ഇ.യു) അംഗമാകാൻ കാനഡ ആഗ്രഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ടൊറന്റോ ചലച്ചിത്രമേളയോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “ഞങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ നോക്കുന്നില്ല. എന്നാൽ കാനഡയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒരു പ്രത്യേക സഖ്യത്തിനായി ഞങ്ങൾ നോക്കുകയും അതിനായുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യും,” മാർക്ക് കാർണി പറഞ്ഞു.
കാനഡ യൂറോപ്യൻ യൂണിയനിൽ ‘അസോസിയേറ്റ് അംഗമാകാൻ’ ആലോചിക്കുന്നുണ്ടെന്ന വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് തള്ളിക്കൊണ്ട്, കാനഡ ഇ.യു അംഗത്വമൊന്നും തേടുന്നില്ലെന്ന് ഒരു മുതിർന്ന സർക്കാർ വൃത്തം ഞായറാഴ്ച രാവിലെ സി.ടി.വി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഔദ്യോഗികമായി സംസാരിക്കാൻ അധികാരമില്ലാത്ത ഈ വൃത്തം, മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ യാഥാർത്ഥ്യത്തെ അതിശയോക്തിപരമായി ചിത്രീകരിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. “ഞങ്ങൾ ഒരേ മൂല്യങ്ങൾ പങ്കിടുന്നു, ഒരേ മുൻഗണനകളുണ്ട്, കൂടാതെ പരസ്പരം പൂരകമായ കരുത്തുമുണ്ട്,” എന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.
യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എന്നാൽ “ഇത് പുതിയ കാര്യമല്ലെന്നും” പ്രസ്തുത സർക്കാർ വൃത്തം വ്യക്തമാക്കി. കഴിഞ്ഞ വർഷം ബ്രസൽസിൽ നടന്ന ഇ.യു-കാനഡ ഉച്ചകോട്ടിയിൽ അംഗീകരിച്ച നയങ്ങളുടെ തുടർച്ചയായി മാത്രമാണ് യൂറോപ്പുമായി ബന്ധം ശക്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന സംയുക്ത ഉച്ചകോട്ടിയിൽ ഇരുപക്ഷവും തന്ത്രപരമായ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചിരുന്നു. യൂറോപ്പിന്റെ പുതിയ പ്രതിരോധ പദ്ധതിയായ ‘റിയാം യൂറോപ്പിൽ’ (ReArm Europe) കാനഡയ്ക്ക് പങ്കാളിത്തം ഉറപ്പാക്കുന്ന സുരക്ഷാ, പ്രതിരോധ പങ്കാളിത്ത കരാറിലും അന്ന് ഒപ്പുവെച്ചിരുന്നു.
ഈ ആഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണി, യൂറോപ്യൻ പാർലമെന്റിൽ പ്രത്യേക പ്രഭാഷണം നടത്തും. തുടർന്ന്, ന്യൂഫൗണ്ട്‌ലാൻഡ് തീരത്തുള്ള ഫ്രഞ്ച് പ്രദേശമായ സെന്റ് പിയറെ ആന്റ് മിക്ലോണും അദ്ദേഹം സന്ദർശിക്കുകയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തുകയും ചെയ്യും. കൂടാതെ, ഈ വർഷം ഒക്ടോബർ അവസാനത്തോടെ കാനഡ-ഇ.യു ഉച്ചകോടിക്കും കാനഡ ആതിഥേയത്വം വഹിക്കുന്നുണ്ട്. കാനഡയും ഇ.യും തമ്മിൽ തികച്ചും വ്യത്യസ്തമായ ഒരു പുതിയ പങ്കാളിത്തമാണ് രൂപപ്പെടുത്തുന്നതെന്ന് കാനഡയിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
ലോകം കൂടുതൽ അപകടകരവും ഭിന്നിച്ചതുമായിരിക്കുന്ന ഈ ഘട്ടത്തിൽ സുഹൃത്തുക്കൾ ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും “ഒരുമിച്ചു നിൽക്കുമ്പോഴാണ് നാം കൂടുതൽ ശക്തരാകുന്നത്” എന്നും ഇ.യുവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കവെ മാർക്ക് കാർണി കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









