വിന്നിപെഗ്: വിന്നിപെഗിലെ യു.എസ് കോൺസുലേറ്റ് അടച്ചുപൂട്ടാനുള്ള അമേരിക്കൻ തീരുമാനത്തിൽ രൂക്ഷവിമർശനവുമായി മാനിറ്റോബയിലെ പ്രതിപക്ഷം. അതിർത്തി കടന്നുള്ള വ്യാപാര ബന്ധങ്ങൾ ശക്തമാക്കുന്നതിൽ പ്രീമിയർ വാബ് കിന്യൂവിന്റെ നേതൃത്വത്തിലുള്ള സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് ഓബി ഖാൻ ആരോപിച്ചു.
വാഷിംഗ്‌ടൺ ഡി.സിയിലെ ട്രേഡ് ഓഫീസിനായി പ്രതിവർഷം പത്ത് ലക്ഷത്തോളം ഡോളർ കിന്യൂ സർക്കാർ ചെലവഴിക്കുന്നുണ്ടെങ്കിലും പുതിയ നിക്ഷേപങ്ങളോ വ്യാപാര കരാറുകളോ കൊണ്ടുവരാൻ സാധിച്ചിട്ടില്ലെന്ന് ഓബി ഖാൻ വ്യക്തമാക്കി.
വിസ സേവനങ്ങളോ കൺസുലാർ സേവനങ്ങളോ നൽകുന്നില്ലെങ്കിലും, ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും നയരൂപീകരണത്തിനും നിർണായക പങ്കുവഹിച്ചിരുന്ന ഓഫീസാണ് വിന്നിപെഗിലേത്. പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിന്നിപെഗ് ഉൾപ്പെടെ അഞ്ച് ചെറിയ എംബസികളും കൺസുലേറ്റുകളും പൂട്ടാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം അടുത്തിടെയാണ് കോൺഗ്രസിനെ അറിയിച്ചത്. വടക്കേ അമേരിക്കയിൽ നിന്ന് അടച്ചുപൂട്ടുന്ന ഏക കാര്യാലയവും ഇതാണ്.
പ്രസിഡന്റ് ട്രംപ് ഏർപ്പെടുത്തിയ തീരുവകൾക്കെതിരെ മാനിറ്റോബ സർക്കാർ തിരിച്ചടിച്ചതും ഇരുവിഭാഗവും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. യു.എസ് നിർമ്മിത മദ്യം ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കിക്കൊണ്ടാണ് മാനിറ്റോബ കഴിഞ്ഞ വർഷം പ്രതിഷേധിച്ചത്. സാമ്പത്തിക കാര്യങ്ങളിൽ ട്രംപ് “ഒന്നാം നമ്പർ ശത്രു” വാണെന്നും അദ്ദേഹത്തിന്റെ നയങ്ങൾ വിഡ്ഢിത്തമാണെന്നും പ്രീമിയർ വാബ് കിന്യൂ പരസ്യമായി വിമർശിച്ചിരുന്നു.
അതേസമയം, കൺസുലേറ്റുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഫെഡറൽ സർക്കാരിന്റെ പരിധിയിൽ വരുന്നതായതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് പ്രീമിയർ കിന്യൂവിന്റെ ഓഫീസ് അറിയിച്ചത്.
Manitoba PCs ‘disappointed’ as U.S. decides to close Winnipeg consulate
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





