മാനിറ്റോബ: റൂറൽ മാനിറ്റോബയിലെ പൊതുഗതാഗത സൗകര്യങ്ങളുടെ കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തിയുള്ള പുതിയ കാർ ഷെയറിംഗ് പദ്ധതിയായ ‘റെഡ് റിവർ റൈഡ്സ്’ ശ്രദ്ധ നേടുന്നു. വിന്നിപെഗിൽ നിന്നും ഏകദേശം 50 കിലോമീറ്റർ തെക്കുള്ള സെന്റ് പിയറി-ജോളിസ് വില്ലേജിലും സമീപത്തെ റിച്ചോട്ട്, ഡി സലാബെറി റൂറൽ മുനിസിപ്പാലിറ്റികളിലുമായി ഈ വർഷം ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. മൂന്ന് മുനിസിപ്പാലിറ്റികൾ സംയുക്തമായി നടപ്പിലാക്കുന്ന ഈ പൊതു പങ്കാളിത്ത പദ്ധതി മാനിറ്റോബ പ്രവിശ്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് ഗ്രാമീണ കാർ ഷെയറിംഗ് ശൃംഖലയാണെന്ന് അധികൃതർ വ്യക്തമാക്കി.
മുതിർന്ന പൗരന്മാർ, വിദ്യാർത്ഥികൾ, പുതുതായി എത്തുന്ന കുടിയേറ്റക്കാർ എന്നിവർ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാനും ചെലവ് കുറഞ്ഞ യാത്രാമാർഗ്ഗം ഒരുക്കാനും ഈ പദ്ധതി സഹായിക്കുമെന്ന് സെന്റ് പിയറി-ജോളിസ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടിന ബുബെൻസർ അറിയിച്ചു. നിലവിൽ ഇലക്ട്രിക് എസ്യുവികൾ, വാനുകൾ, ട്രക്കുകൾ എന്നിവയുൾപ്പെടെ 10 വാഹനങ്ങളാണ് ഈ പദ്ധതിയുടെ കീഴിലുള്ളത്. 18 വയസ്സിന് മുകളിൽ പ്രായമുള്ള, റഗുലർ ക്ലാസ് 5 ഡ്രൈവിംഗ് ലൈസൻസുള്ള ഏത് പ്രദേശവാസിക്കും മൊബൈൽ ആപ്ലിക്കേഷൻ വഴി ഒരു മാസം മുൻപ് വരെ വാഹനങ്ങൾ ബുക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. ആദ്യത്തെ മൂന്ന് മാസം സൗജന്യമായി നൽകുന്ന ഈ സേവനത്തിന് പിന്നീട് ഉപയോഗത്തിനനുസരിച്ച് പ്രതിമാസം 5 ഡോളറോ 20 ഡോളറോ വരിസംഖ്യയും സമയത്തിനും കിലോമീറ്ററിനും അനുസരിച്ചുള്ള നിരക്കും ഈടാക്കും.
പദ്ധതിക്കായി മൂന്ന് തലം സർക്കാരുകളിൽ നിന്നും ധനസഹായം ലഭ്യമായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിക്ക് പ്രദേശവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും സ്വന്തമായി രണ്ട് വാഹനങ്ങളുണ്ടായിട്ടും താൻ ഈ സൗകര്യം ഉപയോഗിച്ചതായും റിച്ചോട്ട് റൂറൽ മുനിസിപ്പാലിറ്റി മേയർ ക്രിസ് ഈവൻ വ്യക്തമാക്കി. വലിയ നഗരങ്ങളിൽ പൊതുഗതാഗത സൗകര്യമുള്ളതിനാൽ കുടിയേറ്റക്കാർ ഗ്രാമീണ മേഖലകളിൽ താമസിക്കാൻ മടിക്കുന്ന സാഹചര്യം ഈ പദ്ധതിയിലൂടെ പരിഹരിക്കാനാകുമെന്നും അദ്ദേഹം വിലയിരുത്തി. പദ്ധതിയുടെ ഭാഗമായി ഇൽ-ഡെസ്-ചെനെസ്, സെന്റ് അഡോൾഫ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ പബ്ലിക് ലെവൽ 2 ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്.
Manitoba municipalities launch electric car sharing scheme to ease commute woes
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





