വിന്നിപെഗ്: മാനിറ്റോബ പ്രവിശ്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ജാക്ക്പോട്ട്ത്തുക സ്വന്തമാക്കി കിഴക്കൻ മാനിറ്റോബ സ്വദേശിയായ എർൾ ഗീസ്‌ബ്രെക്റ്റ്. മെയ് 16-ന് നടന്ന ലോട്ടോ 6/49 നറുക്കെടുപ്പിലാണ് 69 വയസ്സുകാരനായ ഇദ്ദേഹത്തിന് 46 മില്യൺ ഡോളർ ജാക്ക്പോട്ട് ലഭിച്ചത്. പ്രവിശ്യയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനത്തുകയാണിതെന്ന് ലോട്ടറി അധികൃതർ സ്ഥിരീകരിച്ചു. വിന്നിപെഗിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള വൈറ്റ്മൗത്തിലെ ഒരു പലചരക്ക് കടയിൽ നിന്നാണ് അദ്ദേഹം സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞ 30 വർഷമായി ലോട്ടറി എടുക്കുന്ന ആളാണ് ഗീസ്‌ബ്രെക്റ്റ്. എന്നാൽ നറുക്കെടുപ്പ് നടന്ന ദിവസം മകന്റെ കല്യാണത്തിരക്കായതു കൊണ്ട് അദ്ദേഹത്തിന് ടിക്കറ്റ് നോക്കാൻ പറ്റിയില്ല. പിന്നീട് റേഡിയോയിലൂടെ മാനിറ്റോബയിൽ ആർക്കോ ജാക്ക്പോട്ട് നേടിയ വിവരം അറിഞ്ഞാണ് ടിക്കറ്റ് സ്കാൻ ചെയ്യാൻ കടയിലെത്തിയത്. ടിക്കറ്റ് പരിശോധിച്ചപ്പോൾ 46,000 ഡോളറാണ് ലഭിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കടയിലെ ജീവനക്കാരനാണ് യഥാർത്ഥ സമ്മാനത്തുക 46 മില്യൺ ഡോളറാണെന്ന് വ്യക്തമാക്കിയത്. വർഷങ്ങൾക്ക് മുൻപ് ലഭിച്ച 1,200 ഡോളറായിരുന്നു ഇതിനു മുൻപ് ഇദ്ദേഹത്തിന് കിട്ടിയ ഏറ്റവും വലിയ തുക.
ലഭിച്ച സമ്മാനത്തുക കുടുംബത്തിന്റെ സുരക്ഷയ്ക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി വിവേകപൂർവം ഉപയോഗിക്കുമെന്ന് സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് ഗീസ്‌ബ്രെക്റ്റ് അറിയിച്ചു. മുൻ ഭാര്യയുടെ കടബാധ്യതകൾ തീർക്കാനും മക്കൾക്കും കൊച്ചുമക്കൾക്കും ആവശ്യമായ സാമ്പത്തിക സുരക്ഷ ഒരുക്കാനും തുക വിനിയോഗിക്കും. ഇതിനുപുറമേ, വൈറ്റ്മൗത്ത് ഫയർ ഡിപ്പാർട്ട്മെന്റിന് പുതിയ വാട്ടർ ടാങ്കർ വാങ്ങുന്നതിനും, കാൻസർ ബാധിച്ച് മരിച്ച തന്റെ ആദ്യ ഭാര്യയുടെ ഓർമ്മയ്ക്കായി കാൻസർ-ഹൃദ്രോഗ ചാരിറ്റികൾക്കും, കുട്ടികളുടെ ചികിത്സാ സഹായങ്ങൾക്കുമായി തുകയുടെ ഒരു പങ്ക് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba man wins biggest prize in Lotto 6/49 draw





