ബെംഗളൂരു: ബെംഗളൂരുവിൽ ലോഡ്ജിൽ മലയാളിയായ 22കാരിയെ കുത്തിക്കൊന്നു. പത്തനംതിട്ടയിലെ അടൂർ സ്വദേശിനിയായ ഗംഗയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ കാമുകൻ ഗോകുൽ കൃഷ്ണയെ (23) കോട്ടൺപേട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കോട്ടൺപേട്ടിലെ ഒടിസി റോഡിലുള്ള റീജൻസി ലോഡ്ജിലാണ് സംഭവം നടന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നഴ്‌സിംഗ് കോഴ്‌സ് പൂർത്തിയാക്കിയ ഗംഗ ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്. കൊല്ലപ്പെട്ട ഗംഗയും പ്രതിയായ ഗോകുൽ കൃഷ്ണയും കഴിഞ്ഞ നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. ഗോകുൽ കൃഷ്ണയും ബി.എസ്.സി നഴ്‌സിംഗ് ബിരുദധാരിയാണ്. നഴ്‌സിംഗ് പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് കോളേജ് പ്രവേശനം ലഭിക്കാൻ സഹായിക്കുന്ന കൺസൾട്ടന്റായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ഇരുവരും വ്യാഴാഴ്ച കേരളത്തിൽനിന്ന് ബെംഗളൂരുവിലെത്തിയതായാണ് കണ്ടെത്തിയത്. തുടർന്ന് നവംബർ 26ന് തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ഒടിസി റോഡിലെ റീജൻസി ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ താമസിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ ഗോകുൽ കൃഷ്ണ കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
Also Read: മതചിഹ്നങ്ങൾക്ക് വിലക്ക് തുടരും; ക്യുബെക്കിന്റെ ബിൽ 21 ശരിവച്ച് സുപ്രീം കോടതി
ആക്രമണത്തിന് പിന്നാലെ പ്രതി ലോഡ്ജ് ജീവനക്കാരെ വിവരം അറിയിച്ചു. തുടർന്ന് ലോഡ്ജ് അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതോടെ കോട്ടൺപേട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ലോഡ്ജിൽ തെളിവുകൾ ശേഖരിച്ചു. അറസ്റ്റിലായ ഗോകുൽ കൃഷ്ണയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





