പ്രിൻസ് എഡ്വേർഡ്; പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ വൻതോതിൽ ഫെന്റനിൽ, കൊക്കെയ്ൻ, മെത്താംഫെറ്റമിൻ എന്നിവ കടത്തുന്നതിനായി കൈവശം വെച്ച കേസിൽ ഒന്റാറിയോ സ്വദേശിയായ 22-കാരൻ ജബാരി ലണ്ടന് കോടതി 10 വർഷം തടവുശിക്ഷ വിധിച്ചു. പി.ഇ.ഇ സുപ്രീം കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കഴിഞ്ഞ മേയിൽ മൂന്ന് മയക്കുമരുന്ന് കുറ്റങ്ങളും ഇയാൾ സമ്മതിച്ചതിനെ തുടർന്ന് ശിക്ഷ നിർണയത്തിനായി പ്രീ-സെന്റൻസ് റിപ്പോർട്ട് തയ്യാറാക്കാൻ കേസ് മാറ്റിവെച്ചിരുന്നു.
2025 ഫെബ്രുവരിയിൽ ചാർലറ്റ്‌ടൗൺ പൊലീസ് ഒന്റാറിയോയിൽ നിന്നുള്ള ഒരു സംഘം നഗരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ ഒന്റാറിയോ രജിസ്ട്രേഷനുള്ള വാടക വാഹനത്തെ നിരീക്ഷിച്ച പൊലീസ്, മാർച്ചിൽ അത് വീണ്ടും കോൺഫെഡറേഷൻ പാലം വഴി പി.ഇ.ഇയിൽ പ്രവേശിച്ചതായി കണ്ടെത്തി. തുടർന്ന് സ്ട്രാറ്റ്ഫോർഡിലെ ഒരു Airbnb താമസസ്ഥലത്ത് ലണ്ടനും രണ്ട് സ്ത്രീകളും താമസിക്കുന്നതായി സ്ഥിരീകരിച്ചു. നിരവധി സംശയാസ്പദ കേന്ദ്രങ്ങളിലേക്കുള്ള വാഹനത്തിന്റെ സഞ്ചാരം നിരീക്ഷിച്ച ശേഷമാണ് മാർച്ച് 10-ന് ചാർലറ്റ്‌ടൗണിൽ പൊലീസ് വാഹനം തടഞ്ഞ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ പരിശോധനയിൽ ഏകദേശം ഒരു കിലോഗ്രാമിലധികം ഫെന്റനിൽ, 773.65 ഗ്രാം കൊക്കെയ്ൻ, 2.8 കിലോഗ്രാം മെത്താംഫെറ്റമിൻ, 5,805 കാനഡ ഡോളർ പണവും അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
പ്രതിയുടെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലവും ടൊറന്റോയിലെ ജീവിത സാഹചര്യങ്ങളും കുറ്റകൃത്യങ്ങളിലേക്ക് നയിച്ചതായി പ്രതിഭാഗം കോടതിയെ അറിയിച്ചു. ലഹരി ഉപയോഗ ശീലമില്ലായിരുന്നെങ്കിലും കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനാണ് ലഹരിമരുന്ന് വിൽപ്പന നടത്തിയതെന്ന വാദവും കോടതിയിൽ ഉയർന്നു. പ്രോസിക്യൂഷനും പ്രതിഭാഗവും ചേർന്ന് സമർപ്പിച്ച 10 വർഷത്തെ ശിക്ഷാ ശുപാർശ കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷയ്ക്ക് പുറമെ ഡി.എൻ.എ. സാമ്പിൾ നൽകാനുള്ള ഉത്തരവ്, പിടിച്ചെടുത്ത വസ്തുക്കൾ സർക്കാർ കണ്ടുകെട്ടാനുള്ള ഉത്തരവ്, ജീവപര്യന്തം ആയുധങ്ങൾ കൈവശം വയ്ക്കുന്നതിന് വിലക്ക് എന്നിവയും കോടതി വിധിയിൽ ഉൾപ്പെടുത്തി. കേസിലെ മറ്റ് രണ്ട് പ്രതികളായ സ്ത്രീകൾ കുറ്റം നിഷേധിച്ചിട്ടുള്ളതിനാൽ അവരുടെ വിചാരണ നടപടികൾ തുടരുകയാണ്.
Major drug bust in PEI; 22-year-old sentenced to 10 years in prison.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






