ഒട്ടാവ: ഒട്ടാവയിലെ ആയിരക്കണക്കിന് വീടുകളിൽ ഇനി മുതൽ വീട്ടുപടിക്കലുള്ള നേരിട്ടുള്ള തപാൽ വിതരണം ലഭ്യമാകില്ലെന്ന് കാനഡ പോസ്റ്റ് അറിയിച്ചു. രാജ്യവ്യാപകമായി കമ്മ്യൂണിറ്റി മെയിൽബോക്സുകൾ (Community mailboxes) വ്യാപിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഈ വർഷം ആദ്യം പ്രഖ്യാപിച്ച 1,36,000 വീടുകൾക്ക് പുറമെ, കാനഡയിലെ കൂടുതൽ പ്രദേശങ്ങളിലായി 4,85,000 വീടുകളിലേക്ക് കൂടി 2027-ഓടെ കമ്മ്യൂണിറ്റി മെയിൽബോക്സ് സംവിധാനം വ്യാപിപ്പിക്കുമെന്ന് തപാൽ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കി. ഒട്ടാവയിലെ ഏതാണ്ട് 30,000 വീടുകളിൽ ഈ വർഷം അവസാനത്തോടെയോ 2027-ന്റെ തുടക്കത്തിലോ പുതിയ സംവിധാനം നിലവിൽ വരുമെന്ന് കഴിഞ്ഞ ഏപ്രിലിൽ കാനഡ പോസ്റ്റ് അറിയിച്ചിരുന്നു.
കാനഡ പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാക്കിയ വിവരങ്ങൾ പ്രകാരം K1B, K1G, K1H, K1J എന്നീ പോസ്റ്റൽ കോഡുകളിൽ ആരംഭിക്കുന്ന വീടുകളിലെ തപാൽ വിതരണം 2027 ജൂലൈയോടു കൂടി കമ്മ്യൂണിറ്റി മെയിൽബോക്സുകളിലേക്ക് മാറ്റും. K1C, K1E, K1W എന്നീ മേഖലകളിലെ കോഡുകളിലുള്ള വീടുകളിൽ 2027 ഓഗസ്റ്റോടു കൂടി പുതിയ മാറ്റം വരുത്തും. ഒട്ടാവയിലെ ബ്ലാക്ക്ബേൺ ഹാംലെറ്റ്, പൈൻവ്യൂ, റിവർവ്യൂ പാർക്ക്, എംവേൽ, ഹണ്ട് ക്ലബ് പാർക്ക്, അൽട്ടാ വിസ്റ്റ, കോൺവെന്റ് ഗ്ലെൻ, ചാപ്പൽ ഹിൽ, ബീക്കൺ ഹിൽ, ക്വീൻസ്വുഡ് ഹൈറ്റ്സ് എന്നീ പ്രദേശങ്ങളെയാണ് ഈ മാറ്റം പ്രധാനമായും ബാധിക്കുക. ഒട്ടാവയുടെ കിഴക്കുള്ള ഹോക്സ്ബറിയിലെ നിവാസികൾക്കും 2027 സെപ്റ്റംബറോടെ കമ്മ്യൂണിറ്റി മെയിൽബോക്സ് സംവിധാനം ഏർപ്പെടുത്തും.
നികുതിദായകരുടെ മേൽ അധിക സാമ്പത്തിക ബാധ്യത വരുത്താതെ, കാനഡക്കാരുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് തപാൽ സേവനത്തെ പരിഷ്കരിക്കാനുള്ള കാനഡ പോസ്റ്റിന്റെ പദ്ധതിയുടെ പ്രധാന ഭാഗമാണ് കമ്മ്യൂണിറ്റി മെയിൽബോക്സുകളിലേക്കുള്ള മാറ്റമെന്ന് വാർത്താക്കുറിപ്പിൽ കോർപ്പറേഷൻ വ്യക്തമാക്കി.
കാനഡ പോസ്റ്റിന്റെ മോശമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതിയും ഈ അടിയന്തര പരിഷ്കരണത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2025-ൽ രേഖപ്പെടുത്തിയ റെക്കോർഡ് നഷ്ടത്തിന് പിന്നാലെ, 2026-ന്റെ ആദ്യ പാദത്തിലും കാനഡ പോസ്റ്റിന് വലിയ സാമ്പത്തിക നഷ്ടമാണ് നേരിടേണ്ടി വന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കാനഡയിലെ നാല് ദശലക്ഷത്തിലധികം വിലാസങ്ങൾ കമ്മ്യൂണിറ്റി മെയിൽബോക്സ് സംവിധാനത്തിലേക്ക് മാറ്റാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്.
കമ്മ്യൂണിറ്റി മെയിൽബോക്സുകളിലേക്ക് മാറുന്നതിലൂടെ കാനഡ പോസ്റ്റ് വഴി അയക്കുന്ന തപാലുകളും പാഴ്സലുകളും ലോക്ക് ആൻഡ് കീ സംവിധാനത്തിന് കീഴിലാകുമെന്നും ഇത് സുരക്ഷിതത്വം വർധിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. ഓരോ വീടുകളുടെയും പടിക്കൽ എത്തി തപാൽ വിതരണം നടത്തുന്നതിന് വലിയ തുക ചിലവ് വരുന്നുണ്ട്. ഇതിന് പകരം കമ്മ്യൂണിറ്റി മെയിൽബോക്സ് സംവിധാനം നടപ്പിലാക്കുന്നതിലൂടെ പ്രവർത്തന ചിലവുകൾ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് കാനഡ പോസ്റ്റിന്റെ വിലയിരുത്തൽ.
Letters will no longer arrive at your doorstep!; Community mailboxes will be available from next year
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt









