ടൊറന്റോ: യാത്രാച്ചെലവുകൾ തുടർച്ചയായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, അവധിക്കാല യാത്രകൾക്കായി കാനഡയിൽ ‘ഹോം എക്സ്ചേഞ്ച്’ (വീടുകൾ പരസ്പരം കൈമാറുന്ന രീതി) സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ഹോട്ടലുകളോ ഹ്രസ്വകാല വാടകവീടുകളോ ബുക്ക് ചെയ്യുന്നതിന് പകരം സഞ്ചാരികൾ തങ്ങളുടെ വീടുകൾ പരസ്പരം കൈമാറുന്നതിലൂടെ താമസച്ചെലവ് പൂർണ്ണമായും ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഇത്തരം സേവനങ്ങൾ നൽകുന്ന വിവിധ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിൽ കാനഡയിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി കമ്പനികൾ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പീപ്പിൾ ലൈക് അസ്’ എന്ന പ്ലാറ്റ്‌ഫോമിലെ കനേഡിയൻ അംഗങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനം വർദ്ധനവുണ്ടായതായി സഹസ്ഥാപകൻ ഡ്രൂ സെയ്തം അറിയിച്ചു. ആഗോളതലത്തിൽ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കാനഡ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മറ്റൊരു പ്രമുഖ പ്ലാറ്റ്‌ഫോമായ ‘ഹോംഎക്സ്ചേഞ്ച്’ വഴിയുള്ള കനേഡിയൻ അംഗത്വം കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 30 ശതമാനത്തിലധികം വർദ്ധിച്ചതായി സിഇഒ ഇമ്മാനുവൽ അർനൗഡ് വ്യക്തമാക്കി. ഈ വർഷത്തെ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി കാനഡയിൽ പതിനയ്യായിരത്തിലധികം ഹോം എക്സ്ചേഞ്ചുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
മറ്റൊരു പ്ലാറ്റ്‌ഫോമായ ‘കൈൻഡ്രഡ്’ വഴി കാനഡയിലേക്കുള്ള യാത്രകൾക്കായി ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂരിഭാഗം പ്ലാറ്റ്‌ഫോമുകളിലും വാർഷിക മെമ്പർഷിപ്പ് ഫീസോ അല്ലെങ്കിൽ നിശ്ചിത ക്രെഡിറ്റ് പോയിന്റുകളോ അടിസ്ഥാനമാക്കിയാണ് വീടുകൾ കൈമാറുന്നത്. ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വൻ സാമ്പത്തിക ലാഭം കാരണം കൂടുതൽ ദിവസങ്ങൾ നീളുന്ന യാത്രകൾ പ്രായോഗികമാകുന്നുണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു. കുറഞ്ഞ ചെലവ് എന്നതിനപ്പുറം സന്ദർശിക്കുന്ന സ്ഥലങ്ങളിലെ പ്രാദേശിക സംസ്കാരവുമായി കൂടുതൽ ഇടപഴകാൻ ഇത് സഹായിക്കുന്നുണ്ടെന്നാണ് യാത്രക്കാരുടെ വിലയിരുത്തൽ.
ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ് പ്രൊഫസറായ ഫ്രെഡറിക് ഡിമാഞ്ചെ ഈ പ്രവണതയ്ക്ക് വരുംദിവസങ്ങളിൽ വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. ലോകകപ്പ് പോലെയുള്ള വൻകിട കായിക മാമാങ്കങ്ങൾ നടക്കുന്ന സമയങ്ങളിൽ ഹോട്ടൽ നിരക്കുകൾ അമിതമായി വർദ്ധിക്കാറുണ്ടെന്നും എന്നാൽ ഹോം എക്സ്ചേഞ്ച് സംവിധാനത്തിൽ അത്തരം വിലക്കയറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അപരിചിതരായ ആളുകളെ സ്വന്തം വീടുകളിൽ താമസിപ്പിക്കുന്നതിലെ സുരക്ഷിതത്വവും വിശ്വാസ്യതയുമാണ് ഇതിൽ ഏറ്റവും പ്രധാനമെന്നും പ്ലാറ്റ്‌ഫോമുകൾ അംഗങ്ങളുടെ പ്രൊഫൈൽ പരിശോധനയിലൂടെയും ഇൻഷുറൻസ് സുരക്ഷയിലൂടെയും ഇത് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Let’s move house to travel! ‘Home exchange’ trend becomes a huge hit in Canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





