സെന്റ് ജോൺ : ലാബ്രഡോറിലെ പോർട്ട് ഹോപ്പ് സിംപ്സൺ കമ്മ്യൂണിറ്റിക്ക് സമീപം പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള തീവ്രശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച രാവിലെയുണ്ടായിരുന്ന രണ്ട് ഹെക്ടർ വിസ്തൃതിയിൽ നിന്ന് വൈകുന്നേരമായപ്പോഴേക്കും തീയുടെ വ്യാപ്തി ഏഴ് ഹെക്ടറായി ഇരട്ടിയിലധികമായി വർദ്ധിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5:30-ലെ കണക്കുപ്രകാരം തീയുടെ വ്യാപ്തി ഏഴ് ഹെക്ടർ തന്നെയായി തുടരുന്നതായി കൗണ്ടി ആന്റ് ലബ്രഡോർ ആക്ടീവ് വൈൽഡ് ഫയർ ഡാഷ്ബോർഡ് വ്യക്തമാക്കുന്നു.
വ്യാഴാഴ്ച വൈകുന്നേരം ഫോറസ്ട്രി, അഗ്രികൾച്ചർ ആന്റ് ലാൻഡ്സ് വകുപ്പ് പുറത്തുവിട്ട വിവരമനുസരിച്ച് മൂന്ന് വാട്ടർ ബോംബറുകളും രണ്ട് ഹെലികോപ്റ്ററുകളും ചേർന്നാണ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. ഇതുവരെ തീ കെട്ടിടങ്ങളിലേക്ക് പടർന്നിട്ടില്ല. കമ്മ്യൂണിറ്റിയിലെ രണ്ട് പെട്രോൾ പമ്പുകൾക്കും കൺട്രി റോഡിലെ വീടുകൾക്കും സമീപമാണ് കാട്ടുതീ പടരുന്നത്. വെള്ളിയാഴ്ച രാവിലെയും വ്യോമസേനയുടെ പിന്തുണയോടെയുള്ള തീയണയ്ക്കൽ തുടരുന്നുണ്ട്. കൂടുതൽ അഗ്നിശമന സേനാംഗങ്ങളെയും സ്ട്രക്ചർ പ്രൊട്ടക്ഷൻ ട്രെയിലറും ഇതിനായി ഉപയോഗിക്കുന്നുണ്ട്.
അതേസമയം, തീ അണയ്ക്കുന്നതിനിടയിൽ പ്രദേശത്തെ ജലസംഭരണിയിലെ വെള്ളം അപകടകരമാകുംവിധം കുറഞ്ഞതായി പോർട്ട് ഹോപ്പ് സിംപ്സൺ ടൗൺ കൗൺസിൽ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. സാധ്യമായ രീതിയിലെല്ലാം വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്ന് കൗൺസിൽ ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ നഗരത്തിൽ അടിയന്തരാവസ്ഥയും ജാഗ്രതാ നിർദ്ദേശവും തുടരുകയാണ്. ബുധനാഴ്ച മുതൽ കൺട്രി റോഡിലെ താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








