ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഇന്ദർജീത് സിങ് ഗോസാലിന് വധഭീഷണിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ‘ഡ്യൂട്ടി ടു വാൺ’ ലെറ്റർ നൽകി കനേഡിയൻ റോയൽ മൗണ്ടഡ് പോലീസ് കൈമാറി. തനിക്ക് കനേഡിയൻ പോലീസിൽ നിന്ന് ലഭിക്കുന്ന ആറാമത്തെ മുന്നറിയിപ്പ് കത്താണിതെന്ന് ഗോസാൽ വെളിപ്പെടുത്തി. ഭീഷണിയെത്തുടർന്ന് വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിൽ ചേരാൻ പോലീസ് നിർദേശിച്ചെങ്കിലും താൻ അത് നിരസിച്ചതായും ഗോസാൽ വ്യക്തമാക്കി. ഒക്ടോബർ 18-ന് ആൽബെർട്ടയിലെ എഡ്മിന്റണിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പ്രചാരണങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഏജൻസികളിൽ നിന്നുള്ള ഭീഷണികൾ അവസാനിച്ചുവെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടുവെന്നുമുള്ള കനേഡിയൻ സർക്കാരിന്റെ അവകാശവാദങ്ങൾ തള്ളുന്നതാണ് പുതിയ സംഭവവികാസങ്ങൾ എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ഇതോടെ, കാർണി സർക്കാരും ഇന്ത്യയും തമ്മിൽ ബന്ധം സാധാരണ നിലയിലാക്കാൻ നടത്തുന്ന ശ്രമങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. 2023 ജൂണിൽ വധിക്കപ്പെട്ട ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതും, അതിനു പിന്നാലെ ഇരുരാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതും വൻ വിവാദമായിരുന്നു.
തുടർന്ന് അധികാരത്തിൽ വന്ന കാർണി സർക്കാർ ഇന്ത്യയുമായുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കാനഡയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തില്ലെന്ന ഇന്ത്യൻ സർക്കാരിന്റെ ഉറപ്പിൽ തൃപ്തരാണെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, സിഖ് നേതാക്കൾക്കെതിരെയുള്ള ഭീഷണി തുടരുന്ന സാഹചര്യത്തിൽ, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് കാണിച്ച് യു.എൻ പ്രത്യേക പ്രതിനിധികളും കാനഡയോട് വിശദീകരണം തേടിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





